തിരുവനന്തപുരം: അരലക്ഷം കടന്ന് സംസ്ഥാനത്തെ പ്രതിദിന കൊവിഡ്(covid) രോഗികൾ. നിലവിലെ അതിവീവ്ര വ്യാപനം രോഗികളുടെ എണ്ണം ഇനിയും കൂട്ടിയേക്കാം.അതിതീവ്ര വ്യാപനം ഒമിക്രോണിന്റെ(omicron) സാമൂഹ്യ വ്യാപനമാമെന്നും അരലക്ഷം കടന്ന് പ്രതിദിന രോഗികൾ കുതിക്കുമെന്നും നേരത്തെ ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാനത്ത് കിടത്തി ചികിൽസയിലുള്ളവരുടേയും ഓക്സിജൻ , ഐസിയു, വെന്റിലേറ്റർ സഹായം വേണ്ടവരുടേയും എണ്ണവും വർധിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം കൂടുതൽ ഉള്ള തിരുവനന്തപുരം ജില്ലയിൽ 20-30 പ്രായ ഗ്രൂപ്പിലാണ് കൂടുതൽ വ്യാപനം നടക്കുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. അതേസമയം പ്രതീക്ഷിച്ച വർധനയാണിതെന്നും ആരോഗ്യ വകുപ്പ് സജ്ജമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 57ശതമാനം ഐ സി യുകൾ ഒഴിവുണ്ട്. വെന്റിലേറ്റർ സൗകര്യം 14ശതമാനം മാത്രമേ ഇപ്പോൾ ഉപയോഗിച്ചിട്ടുള്ളു. സ്വകാര്യ മേഖലയുടെ സഹകരണം കൂടി ഉറപ്പാക്കി ചികിൽസ നൽകുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ചികിൽസ, സൗകര്യങ്ങൾ എന്നിവ വിലയിരുത്താനും ഏകോകിപ്പിക്കാനുമായി മെഡിക്കൽ കോളജ് ആശുപത്രികളിൽ കൺട്രോൾ റൂം തുടങ്ങുകയാണ്.ആരോഗ്യ പ്രവർത്തകരിലെ കൊവിഡ് വ്യാപനം വെല്ലുവിളിയാണ്. ആശുപത്രികളുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ജീവനക്കാരെ നിയോഗിക്കുക പ്രധാനമാണ്. കുറവ് നികത്താൻ 4917 ആളുകളെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിയോഗിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. രോഗ തീവ്രത കുറയ്ക്കാൻ രണ്ടാം ഡോസ് വാക്സിനേഷൻ കൂടുതൽ നൽകാൻ സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട്. ചില ജില്ലകൾ വാക്സിൻ എടുക്കുന്നതിൽ പിന്നിൽ ആണ് . ഇവിടങ്ങളിൽ പ്രത്യേക ശ്രദ്ധ നളകി വാക്സിനേഷൻ കൂട്ടും. ആൾക്കൂട്ടം ഒരിടത്തും പാടില്ലെന്നും ഇത് കാരണമാണ് ജിം, തിയേറ്റർ എന്നിവയുടെ പ്രവർത്തനം താൽകാലികമായി നിർത്തി വയ്പ്പിച്ചതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. മാൾ, ബാർ എന്നിവയുടെ കാര്യത്തിലും ആൾക്കൂട്ടം പാടില്ലെന്ന നിലപാടാണെന്ന് മന്ത്രി വ്യക്തമാക്കി.