പി .എസ്. സിക്ക് പകരം വഖഫ് റിക്രൂട്ട്മെന്റ് ബോർഡ് രുപീകരിക്കാൻ ആലോചിച്ച് സർക്കാർ. മന്ത്രി വി അബ്‌ദുറഹ്മാനെ ചർച്ചകൾക്കായി എ കെ ജി സെന്ററിലേക്ക് വിളിപ്പിച്ചു. വഖഫ് നിയമനങ്ങൾ ബോർഡിന് കീഴിലാക്കുന്നത് സംബന്ധിച്ച ചർച്ചകൾ സി പി ഐ എം ആരംഭിച്ചു.അതേസമയം നിയമനം പിൻവലിക്കുന്നത് വരെ സമരം തുടരുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഉത്തരവ് തത്ക്കാലം നടപ്പിലാക്കില്ലെന്ന സർക്കാർ വാഗ്ദാനം തട്ടിപ്പാണെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. പ്രതിഷേധങ്ങൾ തുടരുമെന്ന് മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയും അറിയിച്ചു. മുഖ്യമന്ത്രി സമസ്തയ്ക്ക് വാക്കാൽ ഉറപ്പുകൊടുത്തതുകൊണ്ടായില്ല. ഉത്തരവ് പിൻവലിക്കുംവരെ കോർഡിനേഷൻ കമ്മിറ്റി പ്രതിഷേധം തുടരുമെന്ന് ഡോ.ഹുസൈൻ മടവൂർ പ്രതികരിച്ചു.വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട നടപടി ഉടൻ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി സമസ്ത നേതാക്കൾക്ക് ഉറപ്പ് നൽകിയതിന് പിന്നാലെയായിരുന്നു നേതാക്കളുടെ പ്രതികരണം. വിഷയത്തിൽ വിശദമായ ചർച്ചയാവാമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അടക്കം ഏഴംഗ സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.