മുഖ്യമന്ത്രിക്കെതിരായ സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ പ്രതികരിച്ച് പിവി അൻവർ എംഎൽഎ.ജനങ്ങൾക്കിടയിൽ പിണറായി വിജയൻ എന്ന ഭരണാധികാരിക്കുളള മതിപ്പ് പ്രതിപക്ഷത്തേയും ബിജെപിയേയും ഒരുപോലെ അസ്വസ്ഥരാക്കുന്നുണ്ട്. ഈ ജനകീയത തകർക്കണമെങ്കിൽ പിണറായി വിജയന്റെ ഗ്രാഫ് ഇടിയണം. അതിനായി അവർ കുറച്ച് മാധ്യമങ്ങളേയും കൂട്ടുപിടിച്ചിട്ടുണ്ടെന്നും പിവി അൻവർ ആരോപിച്ചു. അഞ്ച് പൈസയുടെ വിശ്വാസീയതയില്ലാത്ത ഒരുത്തിയേയും കൂട്ടുപിടിച്ച് കൊണ്ട് ഇവരെല്ലാം കൂടി നടത്തുന്ന നാടകങ്ങൾ ജനങ്ങൾ പുച്ഛിച്ച് തളളുമെന്നും സ്വപ്ന സുരേഷിനെ വിമർശിച്ചു കൊണ്ട് പിവി അൻവർ ഫേസ്ബുക്കിൽ കുറിച്ചു.ഓഖി, നിപ്പ, രണ്ട് പ്രളയങ്ങൾ എന്നിങ്ങനെ നമ്മുടെ സംസ്ഥാനം പ്രതിസന്ധികളെ നേരിട്ട വേളകളിലൊക്കെ അയാൾ ജനങ്ങൾ ഏൽപ്പിച്ച ക്യാപ്റ്റൻസിക്ക് ഒപ്പം തന്നെ ഉയർന്ന് നിന്ന് പ്രവർത്തിച്ചു.അശനിപാതം പോലെ നിങ്ങൾ ആരോപണങ്ങളുടെ തീമഴ പെയ്യിച്ചപ്പോൾ പോലും അയാൾ തളർന്നിട്ടില്ല, പിന്നെയല്ലേ ഈ ചാറ്റൽമഴ എന്നും പിവി അൻവർ പറഞ്ഞു. 2016 ൽ മുഖ്യമന്ത്രി യുഎഇയിലേക്ക് പോയപ്പോൾ മറന്നുവെച്ച കറൻസിയടങ്ങുന്ന ബാഗ് മുഖ്യമന്ത്രിയുടെ മുൻ പ്രൻസിപ്പൽ സെക്രട്ടറി ശിവശങ്കറുടെ നിർദേശപ്രകാരം ദുബായിയിലെത്തിച്ചുവെന്നായിരുന്നു സ്വപ്നയുടെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സിഎം രവീന്ദ്രന്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, മുന്‍മന്ത്രി കെ.ടി ജലീല്‍, നളിനി നെറ്റോ എന്നിവരുടെ ഇടപെടലും ഇവര്‍ എന്തൊക്കെ ചെയ്തെന്നും രഹസ്യമൊഴിയായി നല്‍കിയിട്ടുണ്ടെന്നുമായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ.
പി വി അൻവറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം,
കേരളത്തിലെ ജനങ്ങൾക്കിടയിൽ പിണറായി വിജയൻ എന്ന ഭരണാധികാരി നേടിയ അംഗീകാരം പ്രതിപക്ഷത്തേയും ബിജെപിയേയും ഒരുപോലെ അസ്വസ്ഥരാക്കുന്നുണ്ട്. തുടർഭരണം എന്ന ചരിത്രനേട്ടവുമായി ആ മനുഷ്യൻ നടന്ന് കയറിയത് ജനങ്ങളുടെ ഹൃദയങ്ങളിലേക്കാണ്. ഓഖി, നിപ്പ, രണ്ട് പ്രളയങ്ങൾ എന്നിങ്ങനെ നമ്മുടെ സംസ്ഥാനം പ്രതിസന്ധികളെ നേരിട്ട വേളകളിലൊക്കെ അയാൾ ജനങ്ങൾ ഏൽപ്പിച്ച ക്യാപ്റ്റൻസിക്ക് ഒപ്പം തന്നെ ഉയർന്ന് നിന്ന് പ്രവർത്തിച്ചു.പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യപ്പെട്ട തൊണ്ണൂറ്റി ഒൻപത് ശതമാനം കാര്യങ്ങളും നടപ്പിലാക്കി കാണിച്ച് കൊടുത്ത ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ പ്രവർത്തന മികവ് ജനങ്ങൾ ഇരുകൈകളും നീട്ടി സ്വീകരിച്ചു. ക്ഷേമ-വികസന പ്രവർത്തനങ്ങളിൽ മറ്റൊരിക്കലും കാണാനാകാത്ത പുരോഗതിയുമായാണ് രണ്ടാം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഒരു വർഷം പൂർത്തിയാക്കുന്നത്.കിഫ്ബി,ഗെയിൽ,കൊച്ചി-ഇടമൺ പവർ ലൈൻ,ദേശീയ പാതാ വികസനം എന്നിങ്ങനെ ഒരിക്കലും നടപ്പിലാക്കാൻ കഴിയില്ലെന്ന് പലരും കണക്കാക്കിയ നിരവധി പദ്ധതികൾ പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തിൽ നടപ്പിലായി. ഈ സാഹചര്യത്തിൽ മുന്നോട്ട് പോയാൽ,തങ്ങൾക്ക് ഒരിക്കലും ഭരണസംവിധാനങ്ങളുടെ ഏഴയലത്ത് എത്തി നോക്കാനാവില്ലെന്ന കൃത്യമായ ബോധ്യം യുഡിഎഫിനും ബിജെപിക്കുമുണ്ട്. ഈ ജനകീയത തകർക്കണമെങ്കിൽ, പിണറായി വിജയന്റെ ഗ്രാഫ് ഇടിയണം. അതിനായി അവർ കുറച്ച് മാധ്യമങ്ങളേയും കൂട്ടുപിടിച്ചിട്ടുണ്ട്. അഞ്ച് പൈസയുടെ വിശ്വാസ്യതയില്ലാത്ത ഒരുത്തിയേയും കൂട്ടുപിടിച്ച് കൊണ്ട് ഇവരെല്ലാം കൂടി നടത്തുന്ന നാടകങ്ങൾ ജനങ്ങൾ പുശ്ചിച്ച് തള്ളും. പിണറായി വിജയൻ ഇതിലും വലിയ വേട്ടകൾ അതിജീവിച്ച് തന്നെയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായത്. അശനിപാതം പോലെ നിങ്ങൾ ആരോപണങ്ങളുടെ തീമഴ പെയ്യിച്ചപ്പോൾ പോലും അയാൾ തളർന്നിട്ടില്ല..പിന്നെയല്ലേ ഈ ചാറ്റൽമഴ.. നമ്മുടെ മുഖ്യമന്ത്രിക്കൊപ്പം..