മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപം രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നാട്ടുകാരായ രണ്ട് പേർ കസ്റ്റഡിയിൽ. പന്നിക്ക് വേണ്ടി വെച്ച കെണിയിൽപ്പെട്ടാണ് പൊലീസുകാർ മരിച്ചതെന്നാണ് ഇരുവരും പൊലീസിന് നൽകിയ മൊഴി.ഇന്ന് രാവിലെയാണ് ക്യാമ്പിനോട് ചേർന്നുള്ള വയലിൽ ഹവിൽദാർമാരായ മോഹൻദാസ്, അശോകൻ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ച രണ്ട് പേരുടേയും ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാട്ടുകാരായ രണ്ട് പേരെ പിടികൂടിയത്. പന്നിക്ക് വേണ്ടി വയലിൽ വൈദ്യുതിക്കെണി വയ്ക്കാറുണ്ടെന്ന് കസ്റ്റഡിയിലുള്ളവർ സമ്മതിച്ചു. കഴിഞ്ഞ ദിവസവും വൈദ്യുതിക്കെണി വച്ചിരുന്നു. രാവിലെ വന്നു നോക്കിയപ്പോൾ രണ്ടുപേരെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഉടൻ വൈദ്യുതിക്കെണി സ്ഥലത്തുനിന്നും മാറ്റി. മൃതദേഹം രണ്ടിടത്തേക്ക് കൊണ്ടുപോയിട്ടുവെന്നുമാണ് കസ്റ്റഡിയിലുള്ളവർ പൊലീസിന് മൊഴി നൽകിയത്. ക്യാമ്പിൽ നിന്ന് നൂറുമീററ്റർ അകലെ കൊയത്തുകഴിഞ്ഞ വയലിൽ രണ്ടുഭാഗത്തായിട്ടാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. തമ്മിൽ നൂറുമീറ്ററിൽ താഴെ മാത്രം ദൂരം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ശരീരത്തിൽ പൊള്ളലേറ്റതുപോലെയുള്ള പാടുകളുമുണ്ട്. ഷോക്കേറ്റാണ് മരണമെന്ന് സംശയിക്കുമ്പോഴും മരിച്ചു കിടന്ന സ്ഥലത്ത് വൈദ്യുത കമ്പികൾ പൊട്ടി വീണിട്ടില്ലെന്നും വന്യമൃഗങ്ങളെ തുരത്താനുള്ള ഫെൻസിങ്ങോ സമീപത്തില്ലെന്നതും ദുരൂഹയുയർത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാട്ടുകാർ കസ്റ്റഡിയിലായത്.