പാലക്കാട് തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ചത് ഡോക്ടർമാരുടെ ചികിത്സാപിഴവെന്ന് ആവർത്തിച്ച് കുടുംബം. ഐശ്വര്യയുടെ ഗർഭപാത്രം നീക്കം ചെയ്ത ശേഷമാണ് കുടുംബത്തെ അറിയിച്ചത്. രക്തം വേണമെന്ന കാര്യവും അറിയിച്ചില്ലെന്നും കുടുംബം പറഞ്ഞു. ഐഎംഎ നിലപാട് ഡോക്ടർമാരെ സംരക്ഷിക്കാനാണെന്ന് കുടുംബം ആരോപിച്ചു. ഐശ്വര്യക്ക് നീതി കിട്ടാൻ ഏതറ്റം വരെയും പോകുമെന്നും ഡോക്ടർമാരെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിലേക്ക് പോകുമെന്നും കുടുംബം വ്യക്തമാക്കി.
‘ഞങ്ങളുടെ കുട്ടിയെ അകത്ത് ഇരുത്തി. ഓപറേഷൻ ചെയ്തുകൊള്ളാൻ പറഞ്ഞതാണ്.ഇത്ര നാൾ ചികിത്സിച്ചിരുന്ന പ്രധാന ഡോക്ടർ പ്രസവ സമയത്ത് അവിടെ ഉണ്ടായിരുന്നില്ല. ഒരു നഴ്‌സ് വന്ന് കുഞ്ഞിനെ എന്റെ കൈയിൽ ത്ന്നു.പേരക്കുട്ടിയാണെന്ന് പറഞ്ഞു. അപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു, നെറ്റിയിൽ ഉമ്മ കൊടുത്തു. അപ്പോഴാണ് പറയുന്നത് നഴ്‌സ് പറയുന്നത് കുഞ്ഞ് മരിച്ചുവെന്ന്.പ്രസവത്തിന് ശേഷം ഞാനും ഭാര്യയും മകളെ കേറി കണ്ടിരുന്നു. അപ്പോൾ ചെറുതായി കണ്ണ് തുറന്നിരുന്നു. പേടിക്കേണ്ടെന്ന് ധൈര്യം നൽകിയിട്ടാണ് പുറത്തേക്ക് വന്നത്’- അച്ഛൻ പറഞ്ഞു.
ഐശ്വര്യയുടെ ഗർഭപാത്രം നീക്കിയ കാര്യം ഭർത്താവിനോട് പോലും പറഞ്ഞിരുന്നില്ലെന്ന് കുടുംബം ആരോപിക്കുന്നു. ഐശ്വര്യയുടെ ജീവൻ രക്ഷിക്കാൻ ഗർഭ പാത്രം നീക്കണമെന്ന് പറഞ്ഞതോടെ, എന്നാൽ അത് ചെയ്തുകൊള്ളാൻ കുടുംബം സമ്മതിച്ചു. അപ്പോഴാണ് ആശുപത്രി അധികൃതർ പറയുന്നത് ഗർഭപാത്രം നീക്കം ചെയ്ത് കഴിഞ്ഞുവെന്ന്.‘ഐശ്വര്യയുടെ ഉദരത്തിൽ നിന്ന് കുഞ്ഞിനെ വലിച്ച് പുറത്തെടുത്തതിൽ വീഴ്ച പറ്റി. സ്‌കാൻ ചെയ്ത് കുഞ്ഞിന്റെ പൊസിഷൻ നോക്കാതെ കുഞ്ഞിനെ പുറത്തെടുക്കാൻ ശ്രമിച്ചു. ഈ ശ്രമത്തിനിടെ ഗർഭപാത്രം ഉൾപ്പെടെ പുറത്തേക്ക് വന്നുവെന്നാണ് കണ്ട ഒരാൾ പറഞ്ഞത്’- ഐശ്വര്യയുടെ ബന്ധു പറയുന്നു.