പ്രസവത്തിന് പിന്നാലെ അമ്മയും നവജാത ശിശുവും മരിച്ച പാലക്കാട് തങ്കം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചതായി പരാതി. കോങ്ങാട് ചെറായ പ്ലാപറമ്പിൽ ഹരിദാസന്റെ മകൾ കാർത്തിക (27) ആണ് മരിച്ചത്. കാലിലെ ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നല്കിയതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.
ഇന്നലെ രാത്രി 9 മണിയോടെയാണ് കോങ്ങാട് ചെറായ ചെറപ്പറ്റ സ്വദേശിനി കാർത്തിക(27) ശസ്ത്രക്രിയക്കിടെ മരണപ്പെട്ടത്. ചെറുപ്പത്തിൽ പോളിയോ ബാധിച്ച യുവതിയ്ക്ക് കാലിന് സ്വാധീനക്കുറവുണ്ടായിരുന്നു. ശസ്ത്രക്രിയയിലൂടെ ഇത് പരിഹരിക്കാനാവുമെന്ന് തങ്കം ആശുപത്രിയിലെ ഡോക്ടർമാർ കാർത്തികയുടെ കുടുംബത്തിന് ഉറപ്പ് നൽകി. ഇതനുസരിച്ച് കഴിഞ്ഞ ശനിയാഴ്ച യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെ ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകിയപ്പോഴുണ്ടായ ഹൃദയസ്തംഭനം മൂലമാണ് യുവതിയുടെ മരണം.
എന്നാൽ കാർത്തികയ്ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും ചികിത്സയിൽ പിഴവുണ്ടായെന്നുമാണ് കുടുംബത്തിന്റെ ആരോപണം. ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചതിന് പിന്നാലെ വീണ്ടും ചികിത്സാ പിഴവ് സംഭവിച്ചതോടെ ആശുപത്രിയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.