പാനൂർ : പാനൂരിലെ ഗതാഗത നിയന്ത്രണത്തിന് സ്ഥാപിച്ച സിഗ്നൽ സംവിധാനം കെ.പി. മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.എം.എൽ.എ.യുടെ പ്രത്യേക വികസനനിധിയിൽനിന്നുള്ള തുക ഉപയോഗിച്ചാണ് ഇത് ഒരുക്കിയത്.
പാനൂരിൽ ഗതാഗതക്കുരുക്കുണ്ടാകാറുള്ള നാൽക്കവലയിൽ സ്ഥാപിച്ച സിഗ്നൽ വിളക്കുകൾക്ക് 15 ലക്ഷം രൂപയാണ് ചെലവ്. കെൽട്രോൺ ആണ് സിഗ്നൽ നിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിച്ചത്. ഒരാഴ്ച പരീക്ഷണാടിസ്ഥാനത്തിലായിരിക്കും പ്രവർത്തനം. ഇത് വിലയിരുത്തി പിന്നീട് കൂടുതൽ കാര്യക്ഷമമാക്കും.
സിഗ്നലുകൾ വന്നതോടെ ഗതാഗതക്കുരുക്കിന് ഒരുപരിധിവരെ പരിഹാരം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷ. നഗരസഭ ഉപാധ്യക്ഷ പ്രീത അശോക് അധ്യക്ഷയായി. പാനൂർ പ്രിൻസിപ്പൽ എസ്.ഐ. സി.സി. ലതീഷ്, കൗൺസിലർമാരായ കെ.പി. ഹാഷിം, പി.കെ. പ്രവീൺ, സി.എച്ച്. സ്വാമിദാസൻ, ഉസ്മാൻ പെരിക്കാലി, കെ. സാവിത്രി, എ.എം. രാജേഷ്, കെ. ഷീബ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. യൂസഫ് എന്നിവരും വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളും വ്യാപാരി പ്രതിനിധികളും പങ്കെടുത്തു.
സിഗ്നൽ ലംഘിക്കുന്ന വാഹനങ്ങൾക്ക് പിഴ
പാനൂർ : പാനൂരിൽ പുതുതായി സ്ഥാപിച്ച സിഗ്നൽ സംവിധാനങ്ങൾ തെറ്റിക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് പാനൂർ പോലീസ് മുന്നറിയിപ്പ് നൽകി. തലശ്ശേരി ഭാഗത്ത് നിന്ന് വരുന്ന ബസ് നേരെ പുത്തൂർ റോഡിലേക്കെത്തി ബൈപ്പാസ് വഴി പാനൂർ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കണം.കാൽനടയാത്രക്കാർ സിഗ്നൽ ലൈറ്റ് തെളിയുന്നതിനനുസരിച്ച് മാത്രമെ റോഡ് മറികടക്കാൻ പാടുള്ളൂ.