തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ പാരസെറ്റമോൾ അടക്കം മരുന്നുകൾക്ക് ക്ഷാമം. ടെണ്ടർ നൽകിയിരുന്ന കേരള ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് സെപ്റ്റംബർ മുതൽ വിതരണം നിർത്തിയതാണ് തിരിച്ചടിയായത്.നോർമൽ സലൈൻ ,കയ്യുറ അടക്കം സാധനങ്ങളും സ്റ്റോക്ക് വളരെ കുറവാണ്. പുതിയ ടെണ്ടർ നടപടികൾ തുടങ്ങിയെങ്കിലും പല സ്കീമുകളിലായി കോർപറേഷൻ മരുന്ന് കമ്പനികൾക്ക് 240 കോടിയിലേറെ രൂപ നൽകാനുള്ളതിനാൽ പല കമ്പനികളും ടെണ്ടറിൽ പങ്കെടുക്കുമോ എന്ന ആശങ്കയുമുണ്ട്. കഴിഞ്ഞ തവണ കേരള ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് ഉൾപ്പെടെ വിവിധ കമ്പനികൾ പാരസെറ്റമോൾ നൽകുന്നതിനുള്ള ടെണ്ടറിൽ പങ്കെടുത്തെങ്കിലും കുറഞ്ഞ വില ക്വാട്ട് ചെയ്ത കേരള ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസിന് തന്നെ ടെണ്ടർ കിട്ടി. എന്നാൽ ഗുളിക ഉൽപാദനത്തിനുള്ള രാസ പദാർഥങ്ങൾക്ക് വില ഉയർന്നതോടെ കെ എസ് ഡി പി ഉൽദാനം തന്നെ നിർത്തി.സെപ്റ്റംബറിൽ മെഡിക്കൽ കോർപറേഷന് പാരസെറ്റമോൾ നൽകുന്നതും നിർത്തി. കൊവിഡ് കൂടിതോടെ പലയിടത്തും പാരസെറ്റമോൾ ലഭിക്കാത്ത സാഹചര്യം ഉണ്ടായി . ഡെൽറ്റ , ഒമിക്രോൺ വ്യാപനം ഉണ്ടായതോടെ വീണ്ടും ടെണ്ടർ വിളിച്ചെങ്കിലും പല സംസ്ഥാനങ്ങളും ഇതിനോടകം സംഭരണം നടത്തിയതിനാൽ കേരളത്തിന് ആവശ്യമായ പാരസെറ്റമോൾ ഉടൻ കിട്ടുമോ എന്നാണ് ആശങ്ക.മാത്രവുമല്ല ടെണ്ടർ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മരുന്നെത്താൻ 45 മുതൽ 50 ദിവസം വരെ എടുക്കും. മൂന്നാം തരംഗവും അതിതീവ്ര വ്യാപനവും പ്രശ്നമായ കേരളത്തിനത് കൊവിഡ് ചികിൽസയിലടക്കം വലിയ തിരിച്ചടി ഉണ്ടാക്കും.
ഡ്രിപ്പ് നൽകുന്നതിനുള്ള നോർമൽ സലൈൻ ഇനി ആകെ സ്റ്റോക്കുള്ളത് വളരെ കുറച്ച് മാത്രം. സെപ്റ്റംബർ മുതൽ കരുതൽ ശേഖരമടക്കം കുറഞ്ഞെങ്കിലും അധികതർ അത് കാര്യമാക്കിയില്ലെന്നത് വലിയ പ്രശ്നം ആയി. കിടത്തി ചികിൽസയിലും ഐ സി യുകളിലുമുള്ള കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടാകുന്ന സാഹചര്യത്തിൽ ഇപ്പോഴുള്ള സ്റ്റോക്ക് രണ്ടാഴ്ചത്തേക്ക് പോലും തികയില്ലെന്ന് ആശുപത്രികൾ അറിയിച്ചിട്ടുണ്ട്. അടിയന്തര ഘട്ടം വന്നാൽ ആശുപത്രികളുടെ ഫണ്ട് ഉപയോഗിച്ച് കാരുണ്യയിൽ നിന്നടക്കം ലോക്കൽ പർച്ചേസ് നടത്തേണ്ടി വരും . എന്നാൽ അതിനുള്ള സാമ്പത്തികം എത്ര ആശുപത്രികൾക്കുണ്ടെന്ന ചോദ്യവും കാരുണ്യയിലടക്കം ഇത്രയധികം നോർമൽ സലൈൻ ഉണ്ടാകുമോ എന്നതും പ്രശ്നമാണ്.അതേസമയം ഇക്കഴിഞ്ഞ 5ാം തയതി 20 ലക്ഷം നോർമൽ സലൈന് കൂടി മെഡിക്കൽ സർവീസസ് കോർപറേഷൻ ഓർഡർ കൊടുത്തിട്ടുണ്ട്. ഇതിനൊപ്പമാണ് കയ്യുറയുടെ കാര്യം . ഉള്ളത് വളരെ കുറച്ച് സ്റ്റോക്ക് . പുതിയ ഓർഡർ ഇതുവരെ നൽകിയിട്ടില്ല.കേന്ദ്ര സർക്കാർ വഴി കയ്യുറ കൂടുതൽ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
കൊവിഡ്കാല പർച്ചേസുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ശക്തമാകുന്നതിനാൽ പർച്ചേസ് ഓർഡറുകളിലടക്കം ഒപ്പിടാനും ഉദ്യോഗസ്ഥർക്ക് ഇരുമനസാണ്. അടുത്ത സാമ്പത്തിക വർഷത്തിലേക്കുള്ള ടെണ്ടർ ആശുപത്രികൾ നൽകിയിട്ടുണ്ടെങ്കിലും ഇതിനാ്‍റെ നടപടിക്രമങ്ങളിലും മെല്ലെപ്പോക്കാണ്. കൊവിഡ് വ്യാപനം കൈവിട്ട് പോകുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ മരുന്ന് ക്ഷാമം ഉണ്ടാകുമെന്ന് ആശുപത്രി അധികൃതർ തന്നെ പറയുന്നുണ്ട്.കൊവിഡുമായി ആശുപത്രിയിൽ ചികിൽസക്കെത്തുന്ന പലരും മോണോക്ലോണൽ ആന്റിബോഡി മരുന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അടിയന്തര ഘട്ടത്തിൽ മാത്രം പ്രോട്ടോക്കോൾ പാലിച്ച് ഈ മരുന്ന് ഉപയോഗിച്ചാൽ മതിയെന്ന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ പല സ്കീമുകളിലായി വിവിധ കമ്പനികൾക്ക് 240 കോടി രൂപയാണ് മെഡിക്കൽ സർവീസസ് കോർപറേഷൻ നൽകാനുള്ളത് . കാരുണ്യയിലേക്ക് ആവശ്യമായ മരുന്നുകൾ വാങ്ങിയ നിലയിൽ 100കോടിക്ക് മേൽ കമ്പനികൾക്ക് കൊടുക്കാനുണ്ട്. അതുകൊണ്ട് തന്നെ പല കമ്പനികളും പുതിയ ടെണ്ടറിൽ പങ്കെടുക്കാൻ വിമുഖത കാണിക്കുന്നുണ്ട്. എന്നാൽ എൻഎച്ച് എം , സോഷ്യൽ സെക്യൂരിറ്റി മിഷൻ , ആരോഗ്യവകുപ്പ് , മെഡിക്കൽ കോളജുകൾ , ആർ സി സി എന്നിവ കെ എം എസ് സി എല്ലിന് 130 കോടി രൂപ നൽകാനുണ്ട്. ഇത് തിരികെ കിട്ടാൻ സർക്കാർ തലത്തിൽ പല ചർച്ചകൾ നടത്തിയെങ്കിലും ഇതുവരെ കിട്ടിയിട്ടില്ല . ഈ പണം കിട്ടുന്ന മുറയ്ക്ക് കമ്പനികളുടെ ബാധ്യത തീർക്കാമെന്ന കണക്കുകൂട്ടലിലാണ് മെഡിക്കൽ സർവീസസ് കോർപറേഷൻ.