പയ്യന്നൂര്‍: ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ ഒറ്റു കൊടുത്ത പ്രസ്ഥാനങ്ങളുടെ പിന്മുറക്കാര്‍ ഇന്ന് ക്വിറ്റിന്ത്യാദിനവും സ്വാതന്ത്ര്യദിനവുമൊക്കെ അതിന്റെ നേരവകാശികളെപോലെ ആഘോഷിക്കുന്നത് പരിഹാസ്യമാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ് .സ്വാതന്ത്ര്യസമര സ്മൃതികളുറങ്ങുന്ന പയ്യന്നൂരില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ക്വിറ്റിന്ത്യാ സമരവാര്‍ഷിക ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷുകാര്‍ക്കു വേണ്ടി ക്വിറ്റിന്ത്യാ സമരത്തെ തകര്‍ക്കാന്‍ തങ്ങള്‍ എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് വിശദമാക്കുന്ന 120 പേജുള്ള രഹസ്യരേഖ ബ്രിട്ടീഷ് ഭരണകൂടത്തിനു നല്‍കിയ കമ്യൂണിസ്റ്റ് പാര്‍ട്ടി ക്വിറ്റിന്ത്യാദിനം ആചരിക്കുന്നത് ചരിത്രത്തോടുള്ള നീതികേടാണ്.പ്രായ്ശ്ചിത്തദിനമായി വേണം കമ്യൂണിസ്റ്റുകാര്‍ ഈ ദിവസം ആചരിക്കേണ്ടതെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്തും ബ്രിട്ടീഷുകാരന്റെ ഷൂ നക്കിയും, ബ്രിട്ടീഷുകാര്‍ക്കു വേണ്ടി ചാരപ്പണിയെടുത്തും, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ പുറകില്‍ നിന്നു കുത്തിയവര്‍ ഇന്ന് ക്വിറ്റിന്ത്യാദിനവും സ്വാതന്ത്ര്യദിനാഘോഷങ്ങളും സംഘടിപ്പിക്കുന്നത് ചരിത്രത്തെ വികലമാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. യഥാര്‍ത്ഥ സ്വാതന്ത്ര്യസമരചരിത്രത്തെ തമസ്‌കരിക്കുന്ന കമ്യൂണിസ്റ്റ്- സംഘപരിവാര്‍ ആഘോഷങ്ങളുടെ പൊയ്മുഖം പൊതുസമൂഹം തിരിച്ചറിയുമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.
കെ പി മോഹനൻ അദ്ധ്യക്ഷത വഹിച്ചു.കെ പി സി സി മെമ്പർമാരായ എം നാരായണൻ കുട്ടി, എം പി ഉണ്ണികൃഷ്ണൻ, ഡി സി സി ജനറൽ സെക്രട്ടറിമാരായ എം കെ രാജൻ, എ പി നാരായണൻ,റഷീദ് കൗവ്വായ്, ബ്ലോക്ക്കോൺഗ്രസ് പ്രസിഡന്റ് വി സി നാരായണൻ,ഡി സി സി മെമ്പർമാരായ അഡ്വ: ഡി കെ ഗോപിനാഥ്, എം പ്രദീപ്കുമാർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ സി അനിൽ കുമാർ സ്വാഗതവും, സ്നേഹജൻ കെ വി നന്ദിയും പറഞ്ഞു.