//
16 മിനിറ്റ് വായിച്ചു

പയ്യന്നൂര്‍ പാര്‍ട്ടി ഫണ്ട് തിരിമറി; തീരുമാനത്തില്‍ മാറ്റമില്ലെന്ന് വി കുഞ്ഞികൃഷ്ണന്‍, അനുനയ നീക്കം പരാജയം

കണ്ണൂര്‍: പയ്യന്നൂര്‍ പാര്‍ട്ടി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയ വി കുഞ്ഞികൃഷ്ണനുമായി പി ജയരാജന്‍ നടത്തിയ അനുനയനീക്കം പരാജയം. തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് കുഞ്ഞികൃഷ്ണന്‍ പി ജയരാജനെ അറിയിച്ചു. ശേഷം അദ്ദേഹം മടങ്ങി. പയ്യന്നൂര്‍ ഖാദി സെന്ററിലെ പി ജയരാജന്റെ ഓഫീസില്‍ വെച്ചായിരുന്നു കൂടികാഴ്ച്ച.പത്ത് മിനുറ്റ് പോലും കൂടികാഴ്ച്ച നീണ്ടില്ല. താന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും കൂടുതലൊന്നും പറയാനില്ലെന്നും കൂടികാഴ്ച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ കുഞ്ഞികൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കുഞ്ഞികൃഷ്ണനെ തിരിച്ചെത്തിക്കണമെന്ന് സമ്മര്‍ദ്ദം പാര്‍ട്ടിക്കുള്ളില്‍ ശക്തമായതോടെയായിരുന്നു പി ജയരാജന്‍ ഇടപെട്ട് അനുനയത്തിന് ശ്രമിച്ചത്.കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുത്ത സംഭവത്തില്‍ പാര്‍ട്ടിക്കെതിരെ ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നത്. 21 അംഗ ഏരിയ കമ്മിറ്റി യോഗത്തില്‍ 16 പേരും വി കുഞ്ഞികൃഷ്ണനെതിരായ നടപടിയെ എതിര്‍ത്തിരുന്നു. ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള 12 ലോക്കല്‍ കമ്മിറ്റികളിലും നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് നടപടിയുണ്ടായത്. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച തീരുമാനമാണെന്നായിരുന്നു എം വി ജയരാജന്റെ വിശദീകരണം. കുഞ്ഞികൃഷ്ണനെ മാറ്റിയ നടപടിയെടുത്തത് അദ്ദേഹത്തിന്റെ സാന്നിധ്യത്തിലെന്നും നേതൃത്വം പറഞ്ഞു.

വി കുഞ്ഞികൃഷ്ണനെതിരായ പാര്‍ട്ടി നടപടിയില്‍ സോഷ്യല്‍ മീഡിയ വഴിയും അണികള്‍ പരസ്യവിയോജിപ്പ് അറിയിച്ചിരുന്നു.സത്യത്തിനായി നിലകൊണ്ട പയ്യന്നൂരിലെ ധീര നേതാവ്, കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുകയെന്ന പാര്‍ട്ടി നയം തിരുത്തുക തുടങ്ങിയ പോസ്റ്ററുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണത്തിനായി സിപിഐഎം നടത്തിയ 80 ലക്ഷത്തോളം രൂപയുടെ തിരിമറി നടന്നെന്നും ഒരു നറുക്കിന് വേണ്ടി പിരിച്ച തുക പൂര്‍ണമായും ചിട്ടി കണക്കില്‍ ഉള്‍പ്പെടുത്തിയില്ലെന്നുമായിരുന്നു വി കുഞ്ഞികൃഷ്ണന്റെ നേതാക്കള്‍ക്കെതിരെയുള്ള ആരോപണം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിരിച്ചെടുത്ത ഫണ്ടിലും രക്തസാക്ഷി ധനരാജിന്റെ പേരിലുള്ള ഫണ്ടിലും തിരിമറി നടന്നതിന് കുഞ്ഞികൃഷ്ണന്‍ തെളിവുകള്‍ ഹാജരാക്കിയിരുന്നു.സംഭവത്തില്‍ പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനനെ ജില്ലാ കമ്മിറ്റിയില്‍ നിന്നും തരംതാഴ്ത്തി.ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി വിശ്വനാഥന്‍, കെ കെ ഗംഗാധരന്‍ എന്നിവരേയും ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.സിപിഐഎമ്മില്‍ പരാതി നല്‍കിയവര്‍ക്കെതിരെ ഇതിന് മുമ്പും നടപടിയെടുത്തിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!