കണ്ണൂർ: പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂധനൻ ഉൾപ്പെട്ട ഫണ്ട് തിരിമറി വിവാദത്തിൽ സിപിഐഎമ്മിൽ കൂട്ട നടപടി. ടി എം മധുസൂദനൻ എംഎൽഎയെ സെക്രട്ടേറിയേറ്റിൽ നിന്ന് ജില്ലാക്കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. നേതാക്കൾക്കെതിരെ പരാതി ഉന്നയിച്ച ഏരിയാ സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കി. പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി ഏരിയാ സെക്രട്ടറി വി കുഞ്ഞികൃഷ്ണൻ പാർട്ടിയെ അറിയിച്ചു. മൂന്ന് ഏരിയാ കമ്മിറ്റി അംഗങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷിന് ഏരിയാ സെക്രട്ടറിയുടെ ചുമതല നൽകി.2021 ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫണ്ട്, പാർട്ടി ഏരിയ കമ്മറ്റി ഓഫീസ് കെട്ടിടനിർമ്മാണ ഫണ്ട്, ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് എന്നിവയിലെ പണം തിരിമറി നടത്തി എന്നാണ് ഉയർന്ന ആരോപണം. ടി ഐ മധുസൂധനന് പുറമെ ഏരിയ കമ്മറ്റി അംഗങ്ങളായ ടി വിശ്വനാഥൻ, കെ കെ ഗംഗാധരൻ, ഓഫീസ് സെക്രട്ടറി കരിവെള്ളൂർ കരുണാകരൻ, മുൻ ഏരിയ സെക്രട്ടറി കെ പി മധു തുടങ്ങിയവർക്കെതിരെയായിരുന്നു പരാതി. ഒരു കോടിയിലേറെ രൂപ വ്യാജ രസീത് ഉണ്ടാക്കി നേതാക്കൾ പണം തട്ടിയെടുത്തെന്നാണ് ജില്ലാ കമ്മറ്റിക്ക് കിട്ടിയ പരാതി. സ്ഥാനാർത്ഥി എന്ന നിലയിൽ മധുസൂധനൻ തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തത് പാർട്ടിക്ക് യോജിച്ച രീതിയിലല്ലെന്നും വിമർശനം ഉയർന്നിരുന്നു. തിരിമറി നടത്തിയെന്ന പരാതിയിൽ ഏരിയ കമ്മറ്റി വച്ച മൂന്നംഗ ഉപസമിതിയാണ് റിപ്പോർട്ട് നൽകിയത്. സി.പി.എം സംസ്ഥാന സമിതി അംഗം ടി.വി രാജേഷ് പി.വി ഗോപിനാഥ് എന്നിവരാണ് അന്വേഷിച്ചത്.