പയ്യന്നൂർ: നിർത്തിയിട്ട ഓട്ടോറിക്ഷ മോഷ്ടിച്ചു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മാതമംഗലം വെള്ളോറയിലെ മീത്തലെ പുരയിൽ അജിനാസിനെ (21) ആണ് നാട്ടുകാർ മോഷണത്തിനിടെ പിടികൂടിയത്. നിരവധി ബൈക്ക് മോഷണക്കേസുകളിൽ പ്രതിയാണ് അജിനാസ്.
ഇന്നലെ രാത്രി ഏഴോടെ ഏച്ചിലാംവയൽ ഗ്രാമീണ വായനശാലയ്ക്ക് സമീപത്താണ് സംഭവം. പ്രദേശത്തെ വിദ്യാർഥികളെ സ്‌കൂളിൽ കൊണ്ടുപോകുന്നതിന് ഉപയോഗിക്കുന്ന ഏച്ചിലാംവയൽ സ്വദേശി എം സാജിദിന്റെ ഉടമസ്ഥതയിലുള്ള കെഎൽ 58 ബി 2067 നമ്പർ എയ്‌സ് ഓട്ടോ ടാക്‌സിയാണ് പ്രതി മോഷ്ടിക്കാൻ ശ്രമിച്ചത്.
വാഹനത്തിൽ നിന്നും താക്കോൽ എടുക്കാതെ സമീപത്തെ കടയിലേക്ക് ഡ്രൈവർ പോയ തക്കത്തിലാണ് മോഷ്ടാവ് എത്തിയത്. ഇരുട്ടിൽ വണ്ടിയിൽ സൂക്ഷിച്ച താക്കോൽ ഉപയോഗിച്ച് വാഹനം സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തു.
ഇതുകണ്ട ഉടമയും കടയിലുണ്ടായിരുന്നവരും ബഹളം വെച്ചു. റോഡിനു മറുവശത്തുള്ളവർ ബഹളം കേട്ട് എത്തിയതോടെ വാഹനം നിർത്തി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു മോഷ്ടാവ്. എന്നാൽ നാട്ടുകാരിൽ ചിലർ ഇയാളുടെ പിന്നാലെ ഓടി പിടികൂടുകയായിരുന്നു.
വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് ബൈക്ക് മോഷണക്കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞത്. നേരത്തെ പയ്യന്നൂർ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും ബൈക്ക് മോഷ്ടിച്ചതിനും പിടിയിലായിട്ടുണ്ട്.
കൂടാതെ തളിപ്പറമ്പ് സ്റ്റേഷൻ പരിധിയിലും പരിയാരത്തും തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിലെ മോഷണക്കേസുകളിലെ പ്രതിയാണ്. അറസ്റ്റു രേഖപ്പെടുത്തിയ പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്.