പഴയങ്ങാടി : ഏറെ കാത്തിരിപ്പിനൊടുവിൽ പഴയങ്ങാടി സബ് ട്രഷറി കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. 21-ന് രാവിലെ 9.30-ന് മന്ത്രി കെ.എൻ. ബാലഗോപാലൻ കെട്ടിടം ഉദ്ഘാടനം ചെയ്യും. എം. വിജിൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. ആധുനിക സൗകര്യത്തോടുകൂടിയുള്ള പുതിയ കെട്ടിടം നിർമിക്കുന്നതിന് 2.43 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. 4150 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ രണ്ടുനിലകളിലായി നിർമിച്ച കെട്ടിടത്തിൽ കൗണ്ടറുകൾ, ഓപ്പൺ ഓഡിറ്റോറിയം, ഡൈനിങ് ഹാൾ, ടോയ്‌ലറ്റ് എന്നിവ ഒരുക്കിയിട്ടുണ്ട്.1983-ലാണ് എരിപുരത്തുള്ള മാടായി ബാങ്കിന്റെ കെട്ടിടത്തിൽ വാടകമുറിയിൽ ട്രഷറി തുടങ്ങിയത്. ചെറുതാഴം, മാടായി, ഏഴോം, മാട്ടൂൽ, ചെറുകുന്ന്, കുഞ്ഞിമംഗലം, കടന്നപ്പള്ളി-പാണപ്പുഴ, കണ്ണപുരം പഞ്ചായത്തുകളിലെ സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിലെ ശമ്പളവിതരണവും മൂവായിരത്തിലധികം പെൻഷനും കൈകാര്യം ചെയ്യുന്നത് പഴയങ്ങാടി സബ്ട്രഷറിയിലാണ്. ട്രഷറിക്ക് സ്വന്തം കെട്ടിടം പണിയാൻ എരിപുരം ആസ്പത്രി വികസനസമിതി പതിനൊന്നേ മുക്കാൽ സെന്റ് സ്ഥലം സർക്കാരിന് വിട്ടുകൊടുത്തിരുന്നു.എരിപുരം പബ്ലിക് ലൈബ്രറിയിൽ ചേർന്ന സംഘാടകസമിതി രൂപവത്കരണയോഗത്തിൽ എം. വിജിൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഏഴോം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. ഗോവിന്ദൻ, വൈസ് പ്രസിഡന്റ് കെ.എൻ. ഗീത, സി.പി. മുഹമ്മദ് റഫീഖ്, പി.കെ. വിശ്വനാഥൻ, ജസീർ അഹമ്മദ്, ജില്ലാ ട്രഷറി ഓഫീസർ കെ.പി. ഷൈമ, സബ് ട്രഷറി ഓഫീസർ ടി.വി. തിലകൻ, സുപ്രണ്ട് പി. അശോകൻ, എൻ.വി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.