പി സി ജോർജിനെത്തിരെ ജാമ്യമില്ലാ കുറ്റം ചുമത്തി. പി സി ജോർജ് ജാമ്യ വ്യവസ്ഥ ലംഘിച്ചതായി ബോധ്യപ്പെട്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു. വെണ്ണലയില്‍ പി സി ജോര്‍ജ് നടത്തിയ പ്രസംഗം പരിശോധിച്ച ശേഷം തുടര്‍ നടപടിയെടുക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.കഴിഞ്ഞ ദിവസം വെണ്ണലയിൽ നടത്തിയ പ്രസംഗത്തിന്‍റെ പേരിലാണ് കൊച്ചി സിറ്റി പൊലീസിസ് പി സി ജോര്‍ജിന്‍റെ പേരില്‍ കേസെടുത്തത്. കേസിൽ പി സി ജോർജിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ സംഭവം.ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വെണ്ണലയിൽ ഞായറാഴ്ച്ച വൈകുന്നേരമാണ് പി സി ജോർജ് വിദ്വേഷപ്രസംഗം നടത്തിയത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഐപി സി 153 എ, 295 എ വകുപ്പുകൾ പ്രകാരം ജാമ്യമില്ലാക്കുറ്റം ചുമത്തി പാലാരിവട്ടം പൊലീസ് കേസെടുത്തത്.സമുദായ സ്പർഥയുണ്ടാക്കൽ, മനപ്പൂര്‍വമായി മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണിത്.