നിയമസഭാ സമിതിയുടെ ചെയര്‍മാനായി സെന്‍ട്രല്‍ ജയിലുകള്‍ സന്ദര്‍ശിച്ചിട്ടും കാണാന്‍ കഴിയാത്ത പലതും തനിക്ക് ഒരു ദിവസത്തെ ജയില്‍ വാസത്തിനിടെ കാണാന്‍ കഴിഞ്ഞതായി പി സി ജോര്‍ജ്. ജയില്‍ മോചിതനായി സ്വന്തം വീട്ടില്‍ തിരിച്ചെത്തിയ ശേഷം ഇന്ന് രാവിലെ മാധ്യങ്ങളെ കണ്ടപ്പോഴായിരുന്നു പി സി ജോര്‍ജിന്റെ പ്രതികരണം. ജയിലിലേക്ക് റിമാന്‍ഡ് ചെയ്ത് വിട്ട മജിസ്ട്രേറ്റിനോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ സമിതിയുടെ ചെയര്മാന് എന്ന നിലയില്‍ ജയിലുകള്‍ക്കായി കുറേ കാര്യങ്ങള്‍ ചെയ്തിരുന്നു. എന്നാല്‍, ജയിലിനകത്ത് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായിരുന്നില്ല. ചീഫ് വിപ്പും എംഎല്‍എയുമായിരുന്നു എന്ന നിയമപ്രകാരമുള്ള പരിഗണനയില്‍ ഒറ്റയ്ക്ക് മുറി ലഭിച്ചു. ഇഷ്ടമുള്ള ഭക്ഷണം ലഭിക്കുമായിരുന്നു. എന്നാല്‍ എല്ലാവര്ക്കും ലഭിക്കുന്ന ഭക്ഷണം മതിയെന്ന് താന്‍ പറഞ്ഞതായും പി സി ജോര്‍ജ് പറഞ്ഞു.ജയില്‍ അഡൈ്വസറി കമ്മിറ്റികള്‍ കൂടാറില്ലെന്ന് പറഞ്ഞ അദ്ദേഹം ജയിലിലെ തടവുകാരുടെ ദയനീയാവസ്ഥകളെക്കുറിച്ചും സംസാരിച്ചു. മുഖ്യമന്ത്രിക്കുള്ള അതേ അസുഖമുള്ള ആള്‍ക്ക് അമേരിക്കയില്‍ പോകാന്‍ കഴിയാത്തതുകൊണ്ട് ആവശ്യമുള്ള ചികിത്സ ലഭിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.