സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് എഫ്ഐആർ. പി സി ജോര്‍ജും, സ്വപ്‌ന സുരേഷും ആസൂത്രിത കലാപം സൃഷ്ടിക്കാനായി മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. പി സി ജോര്‍ജ് സ്വപ്‌നയുമായി നടത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ ടി ജലീൽ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുളള എഫ്ഐആറാണ് പുറത്തുവന്നത്.പി സി ജോര്‍ജും സ്വപ്‌ന സുരേഷും രണ്ടു മാസം മുമ്പാണ് ഗൂഢാലോചന നടത്തിയതെന്ന് എഫ്‌ഐആറിൽ പറയുന്നു.സ്വപ്‌നാ സുരേഷിന്റെ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. പിന്നില്‍ ആരാണെന്ന് മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. നുണ പ്രചാരണം നടത്തി ഇടത് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപിയും യുഡിഎഫും ഒരുമിച്ച് ശ്രമിക്കുകയാണെന്ന് പരാതി കൊടുത്ത ശേഷം കെ ടി ജലീല്‍ പ്രതികരിച്ചിരുന്നു.
‘സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി മുഖ്യമന്ത്രിക്കെതിരേയും അദ്ദേഹത്തിന്റെ കുടുംബത്തിനെതിരേയും വ്യക്തിപരമായി എനിക്കെതിരേയും ഉന്നയിച്ചിട്ടുള്ള കള്ള ആരോപണങ്ങള്‍ക്കെതിരെ പരാതി നല്‍കി. നുണ പ്രചാരണം നടത്തി ഇടത് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപിയും യുഡിഎഫും ഒരുമിച്ച് ശ്രമിക്കുന്നു. ഗൂഢാലോചന നടന്നിട്ടുണ്ട്. പിന്നില്‍ ആരാണെന്ന് മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. ഇതിന് മുമ്പും സമാനമായ അടിസ്ഥാനരഹിതമായ വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്.’ കെ ടി ജലീല്‍ പറഞ്ഞു.കെ ടി ജലീലിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസാണ് ഗൂഢാലോചന അന്വേഷിക്കുന്നത്. ഗൂഢാലോചന, കലാപ ശ്രമത്തിനുമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കാമെന്ന നിയമോപദേശത്തിന് പിന്നാലെയാണ് അന്വേഷണം. കേസില്‍ സ്വപ്‌ന സുരേഷിനൊപ്പം പി സി ജോര്‍ജും പ്രതിയാകും. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ആരോപണമുന്നയിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് കെ ടി ജലീല്‍ സ്വപ്ന സുരേഷിന് എതിരെ പരാതി നല്‍കിയത്. രാവിലെ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നേരിട്ട് എത്തിയാണ് ജലീല്‍ പരാതി കൈമാറിയത്. സ്വപ്നയുടെ ആരോപണത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പരാതി. ഈ സാഹചര്യത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും പരാതിയില്‍ ജലീല്‍ ആവശ്യപ്പെട്ടു.