തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്ന് പിഡിപി. തൃക്കാക്കരയുടെ വികസനത്തിന് ഇടതുമുന്നണി വിജയിക്കണമെന്നും പിഡിപി നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പിഡിപി ഇടതുമുന്നണിയെ പിന്തുണച്ചിരുന്നു.ഉപതെരഞ്ഞെടുപ്പിലൂടെ ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന് അപ്പുറം മാനമുള്ള തെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേതെന്ന് എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെടുന്ന ഉപതെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. കേരളം ആഗ്രഹിക്കുന്ന തരത്തില്‍ പ്രതികരിക്കാന്‍ മണ്ഡലം തയ്യാറായിരിക്കുകയാണ്. അതിന്റെ വേവലാതികള്‍ യുഡിഎഫ് കേന്ദ്രങ്ങളില്‍ പ്രകടമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദേശീയ പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ കോണ്‍ഗ്രസിന്റെ പൈതൃകം പേറുന്ന കോണ്‍ഗ്രസ് ഇത്തരം കാര്യങ്ങളില്‍ വാക്കാലെങ്കിലും നേരിടാനുള്ള ശക്തമായി നേരിടാന്‍ കഴിയാത്ത നേതൃത്വമായി ഇന്ന് മാറിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് ഉയരാന്‍ കോണ്‍ഗ്രസിന് ആവുന്നില്ല. കഴിഞ്ഞ കുറേ കാലമായി കോണ്‍ഗ്രസ് ഈ നിലയാണ് തുടരുന്നത്.വര്‍ഗീയ നീക്കങ്ങളെ തടയാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.