ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെയുടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായി. സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ തുടരുകയാണ് ഈ എൺപത്തിരണ്ടുകാരൻ. അർബുദം മൂർച്ചിച്ചതോടെ വൃക്കകളുടെയും ഹൃദയത്തിന്റെയും പ്രവർത്തനം തകരാറിലായതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ക്രിസ്മസിന് പെലെയ്ക്ക് വീട്ടിലേക്ക് മടങ്ങാനാകില്ലെന്ന് മകൾ കെലി നാസിമെന്റോ കുറിച്ചു. മൂന്നാഴ്ചയായി ആശുപത്രിയിൽ തുടരുകയാണ്.
കഴിഞ്ഞവർഷം സെപ്തംബറിലാണ് പെലെയ്ക്ക് കീമോ തെറാപ്പി ചെയ്തത്. ലോകകപ്പ് ജയിച്ച അർജന്റീനയ്ക്കും ലയണൽ മെസിക്കും ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയ്ക്കും ആശുപത്രിയിൽവച്ച് പെലെ ആശംസ നേർന്നിരുന്നു. ലോകകപ്പിന്റെ ആദ്യഘട്ട മത്സരങ്ങൾക്കിടെയാണ് രോഗം മോശമായ വാർത്ത പടർന്നത്. പെലെയെ സാന്ത്വന പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ലോകകപ്പിനിടെ ബ്രസീൽ ടീം ഉൾപ്പെടെ പെലെയ്ക്ക് സൗഖ്യം നേർന്ന് കളത്തിലിറങ്ങിയിരുന്നു. മൂന്നുതവണ ലോകകപ്പ് നേടിയ പെലെ 1977ലാണ് കളി മതിയാക്കിയത്.