സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന ഫയലുകൾ ഉടൻ തീർപ്പാക്കാനൊരുങ്ങി സർക്കാർ. ഇതിനായി പ്രത്യേക യജ്ഞം നടത്താൻ മന്ത്രിസഭായോഗത്തിൽ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ നിർദേശം നൽകിയത്. ജൂൺ 10 മുതൽ മൂന്ന് മാസമായിരിക്കും ഫയൽ തീർപ്പാക്കൽ യജ്ഞം നടക്കുക. യജ്ഞം തുടങ്ങുന്നതിന് മുൻപ് കൃത്യമായ കണക്കെടുപ്പ് പൂർത്തിയാകും.സെപ്തംബർ 10നകം പൂർത്തിയാക്കുന്ന തരത്തിലാകും ഫയൽ തീർപ്പാക്കൽ യജ്ഞം. മൂന്ന് ലക്ഷത്തോളം ഫയലുകൾ കെട്ടിക്കിടക്കുന്നുണ്ട്. ഓരോ വകുപ്പും കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം, അവയുടെ സ്വഭാവം എന്നിവ സംബന്ധിച്ച സൂക്ഷ്മതല കണക്കെടുപ്പുകൾ എത്രയും വേഗം പൂർത്തിയാക്കാനായി ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രി നിർദേശം നൽകി. ചീഫ് സെക്രട്ടറി ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർക്ക് വിവരം കൈമാറും. എല്ലാ ഫയലുകളും മന്ത്രിമാർ നേരിട്ട് കൈകാര്യം ചെയ്യേണ്ടി വരില്ല. ഒന്നാം പിണറായി സർക്കാർ കാലത്ത് 2019ലാണ് അവസാനമായി മൂന്നു മാസത്തെ ഫയൽ തീർപ്പാക്കൽ യജ്ഞം നടത്തിയത്. 68,000 ഫയലുകൾ അന്ന് തീർപ്പാക്കി. 1.03 ലക്ഷം ഫയലുകൾ ബാക്കിയായി.