ശ്രീകണ്ഠപുരം: പീപ്പിൾസ് ഫൗണ്ടേഷന്‍ നേതൃത്വത്തില്‍ ശ്രീകണ്ഠപുരം നിടിയേങ്ങ വില്ലേജിലെ കംബ്ലാരിയില്‍ ഒരേക്കര്‍ ഭൂമിയില്‍ 11 ഭവനങ്ങള്‍ നന്മമനസുകളുടെ കൂട്ടായ്മയില്‍ പണിതുയര്‍ത്തി.ഒരുവ്യക്തി ദാനമായി നല്‍കിയ ഒരേക്കര്‍ ഭൂമിയിലാണ് വീടുകള്‍ പണിതത്.കോവിഡ് പ്രതിസന്ധിക്കിടയിലും 16 മാസത്തിനകം 11 വീടുകള്‍ നിര്‍മിച്ചു. ഓരോ കുടുംബത്തിനും നാല് സെന്‍റ് ഭൂമിയില്‍ രണ്ട് കിടപ്പുമുറികളടങ്ങുന്ന 550 സ്ക്വയര്‍ഫീറ്റ് ഭവനമാണ് നിര്‍മിച്ചത്. നിലവില്‍ കുഴല്‍കിണര്‍ വഴിയാണ് മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കുന്നത്. പൊതുകിണറിന്റെ നിര്‍മാണവും നടക്കുന്നുണ്ട്.പീപ്പിൾസ് ഫൗണ്ടേഷന്‍ ജില്ലാതല മോണിറ്ററിങ് സമിതിയും പ്രാദേശിക നിര്‍വഹണ സമിതിയുമാണ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത്. അഞ്ചുവീടുകള്‍, കളിസ്ഥലം, കണ്‍സ്യൂമര്‍ സ്റ്റോര്‍, കമ്യൂണിറ്റി സെന്‍റര്‍, തൊഴില്‍ പരിശീലന കേന്ദ്രം എന്നിവയുള്‍പ്പെടുന്ന രണ്ടാംഘട്ട പദ്ധതി ഉടന്‍ ആരംഭിക്കും. 12ന് വൈകീട്ട് നാലിന് കംബ്ലാരിയില്‍ നടക്കുന്ന പരിപാടിയില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പീപ്പിൾസ് വില്ലേജ് നാടിന് സമര്‍പ്പിക്കും.ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ. മുഹമ്മദലി അധ്യക്ഷത വഹിക്കും. ഉദ്ഘാടന ഒരുക്കം പൂര്‍ത്തിയായതായി പീപ്ള്‍സ് വില്ലേജ് ജില്ല സംഘാടക സമിതി ചെയര്‍മാന്‍ പി.കെ. മുഹമ്മദ് സാജിദ് നദ്വി, സെക്രട്ടറി സി.കെ.എ. ജബ്ബാര്‍, കോഓഡിനേറ്റര്‍ സി.പി. അബ്ദുല്‍ ജബ്ബാര്‍, നിര്‍വഹണ സമിതി കണ്‍വീനര്‍ എം. ജലാല്‍ ഖാന്‍, കെ.പി. അബ്ദുല്‍ റഷീദ്, സി.വി.എന്‍. ഇഖ്ബാല്‍, വി.പി. ഫസലുദ്ദീന്‍, കെ.എം.പി. ബഷീര്‍ എന്നിവര്‍ അറിയിച്ചു.