പാർട്ടി മാറാൻ ഡിമാൻഡ് വെച്ചെന്ന ആരോപണം നിഷേധിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയർമാനും മുന്‍ എം.എല്‍.എയുമായ ജോണി നെല്ലൂർ രംഗത്ത്. വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും സംഭാഷണത്തിലുള്ള ആളെ തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ. മാണിയെ ഉൾപ്പടെ എനിക്ക് അടുത്ത് പരിചയമുണ്ട്. എനിക്ക് അത്തരത്തിൽ മുന്നണി മാറണമെങ്കിൽ മുതിർന്ന നേതാക്കളെ സമീപിക്കാതെ പേര് പോലും അറിയാത്ത ഇയാളെ ബന്ധപ്പെടേണ്ട ആവശ്യമില്ലല്ലോ.ഫോൺ സംഭാഷണം തന്റേതല്ല. യുഡിഎഫിനെയും തന്നെയും കളങ്കപ്പെടുത്താനും തൃക്കാക്കരയിലെ ജാള്യത മറയ്ക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.കോർപ്പറേഷൻ അധ്യക്ഷ സ്ഥാനവും സ്റ്റേറ്റ് കാറും നൽകിയാൽ എൽഡിഎഫിലേക്ക് വരാമെന്നാണ് സംഭാഷണത്തിൽ ജോണി നെല്ലൂർ പറയുന്നത്. കേരള കോൺഗ്രസ് (എം) നേതാവ് എച്ച്. ഹഫീസുമായുള്ള ഫോൺ സന്ദേശമാണ് പുറത്തായത്. ബിജെപിയിലേക്ക് പോകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം ഫോൺ സംഭാഷണത്തിൽ സൂചിപ്പിക്കുന്നുണ്ട്.ന്യൂനപക്ഷ ചെയര്‍മാന്‍, കോഫി ബോര്‍ഡ് ചെയര്‍മാന്‍, സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍, കേര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങളിലൊന്ന് ബിജെപി ഓഫര്‍ ചെയ്തിട്ടുണ്ടെന്നാണ് ജോണി നെല്ലൂർ ഫോൺ സംഭാഷണത്തിൽ പറയുന്നത്. മാത്യൂ സ്റ്റീഫനൊക്കെ കൂടെ പോവുകയാണെന്നും അവരെ ക്രോഡീകരിച്ച് പുതിയ സംവിധാനം ഉണ്ടാക്കിക്കൂടേയെന്നും ഹഫീസ് പറയുമ്പോൾ അത്തരത്തിൽ ബിജെപിയിൽ പോവാൻ തനിക്ക് താൽപ്പര്യമില്ലെന്നാണ് ജോണി നെല്ലൂർ പ്രതികരിക്കുന്നത്.നീ ഒരു കാര്യം ചെയ്യ്, നിന്റെ ഇപ്പോഴത്തെ സ്വാധീനം വെച്ച് ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കാന്‍ നോക്ക്. എന്നിട്ട് പറയ്. എന്തുകൊണ്ട് നിങ്ങള്‍ പോയി എന്ന് ചോദിച്ചാല്‍ പറയാന്‍ മിനിമം കോർപ്പറേഷൻ അധ്യക്ഷ സ്ഥാനമെങ്കിലും വേണം. ഒരു സ്റ്റേറ്റ് കാര്‍ വേണം. അത് നീ ആലോചിച്ചോ എന്നിങ്ങനെയാണ് സംഭാഷണം തുടരുന്നത്.