/
10 മിനിറ്റ് വായിച്ചു

പിണറായി ഗ്രാമപഞ്ചായത്തിന്റെ സായൂജ്യം വെബ്സൈറ്റ്; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 2600 പേര്‍

അവിവാഹിതര്‍ക്ക് ജീവിത പങ്കാളിയെ കണ്ടെത്താന്‍ പിണറായി ഗ്രാമപഞ്ചായത്ത് ആരംഭിച്ച സായൂജ്യം മാട്രിമോണി വെബ്സൈറ്റില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 2600 പേര്‍. ഇതില്‍ 2570 പുരുഷന്മാരും 30 സ്ത്രീകളുമാണ്.

മനസറിഞ്ഞ് ഒന്നാകാം എന്ന സന്ദേശവുമായാണ് പദ്ധതി തുടങ്ങിയത്.35 വയസ് കഴിഞ്ഞവര്‍, പങ്കാളി മരിച്ചവര്‍, നിയമപരമായി ബന്ധം വേര്‍പെടുത്തിയവര്‍, പുനര്‍വിവാഹം ആഗ്രഹിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് ജീവിതപങ്കാളിയെ കണ്ടെത്താത്താനാണ് സായൂജ്യം വെബ്സൈറ്റ് ആരംഭിച്ചത്.

25 വയസ് കഴിഞ്ഞ യുവതികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. 35 വയസ് കഴിഞ്ഞിട്ടും വിവിധ കാരണങ്ങളാല്‍ വിവാഹം നടക്കാത്ത ഒട്ടേറെപ്പേര്‍ പഞ്ചായത്ത് പരിധിയിലുണ്ടെന്ന് സര്‍വേയിലൂടെ കണ്ടെത്തിയിരുന്നു. ഇതോടെ പഞ്ചായത്ത് പ്രത്യേക സബ്കമ്മറ്റികള്‍ രൂപീകരിച്ച് വയസ് തിരിച്ചുള്ള പട്ടിക തയ്യാറാക്കി.

തുടര്‍ന്നാണ് ‘ഒന്നാകുന്ന മനസ്സ്, ഒന്നുചേരുന്ന കുടുംബബന്ധങ്ങള്‍’ എന്ന സന്ദേശവുമായി വെബ്സൈറ്റ് തയ്യാറാക്കിയത്. 35ന് മുകളില്‍ പ്രായമുള്ള പുരുഷന്‍മാരും 25നും 35നുമിടയിലുള്ള സ്ത്രീകളുമാണ് കൂടുതലും രജിസ്റ്റര്‍ ചെയ്തത്.
മറ്റ് പഞ്ചായത്തുകളിലുള്ളവര്‍ക്ക് ഉള്‍പ്പടെ ഓണ്‍ലൈനായും പഞ്ചായത്ത് ഓഫീസില്‍ നേരിട്ടെത്തിയും രജിസ്റ്റര്‍ ചെയ്യാം.

തുടര്‍ന്ന് പങ്കാളിയെ കണ്ടെത്തിയാല്‍ വെബ്സൈറ്റിലെ ഫോണ്‍ നമ്പറിലൂടെ പ്രസിഡണ്ടിനെയോ വൈസ് പ്രസിഡണ്ടിനെയോ ബന്ധപ്പെടണം. തുടര്‍ന്ന് പഞ്ചായത്ത് രൂപീകരിച്ച പ്രത്യേക കമ്മറ്റി ഇരുവര്‍ക്കും താല്‍പര്യമുണ്ടെങ്കില്‍ നേരിട്ട് കാണാന്‍ അവസരമൊരുക്കും.

തുടര്‍ന്ന് കൗണ്‍സലിങ്ങും നല്‍കും. വെബ്സൈറ്റ് വഴി പങ്കാളികളെ കണ്ടെത്തുന്നവര്‍ക്കായി പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ സമൂഹ വിവാഹത്തിന് സൗകര്യമൊരുക്കുമെന്ന് പ്രസിഡണ്ട് കെ കെ രാജീവന്‍ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version