/
17 മിനിറ്റ് വായിച്ചു

പ്ലസ് വണ്‍ ക്ളാസുകള്‍ ജൂലൈ 5ന് ആരംഭിക്കും;ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം> ജൂലൈ 5ന് പ്ലസ് വണ്‍ ക്ളാസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി പൊതുവിദ്യാഭ്യാസവും തൊഴിലും മന്ത്രി വി ശിവന്‍കുട്ടി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തു. ഹയര്‍ സെക്കന്ററി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ തുടങ്ങിയവരുടെ യോഗമാണ് വിളിച്ചു ചേര്‍ത്തത്.

പ്ലസ് വണ്‍ അഡ്മിഷന്റെ മുഖ്യഘട്ടത്തിലെ മൂന്ന് അലോട്‌മെന്റുകളും പൂര്‍ത്തിയാക്കി. സപ്ലിമെന്ററി അലോട്‌മെന്റും സ്‌കൂള്‍-കോമ്പിനേഷന്‍ മാറ്റങ്ങളും തുടര്‍ന്നുണ്ടാവുമെങ്കിലും ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളും ഇപ്പോള്‍ ലഭിച്ച അഡ്മിഷനില്‍ തുടര്‍ന്ന് പഠിക്കുന്നവരാകുമെന്നതിനാല്‍ ക്ലാസ് തുടങ്ങുന്നതിന് ബുദ്ധിമുട്ടില്ല. 46 വിഷയ കോമ്പിനേഷനുകളിലായി 57 വിഷയങ്ങളാണ് ഹയര്‍ സെക്കന്ററിയില്‍ പഠിക്കുന്നതിന് അവസരമുള്ളത്. എന്‍ എസ് ക്യൂ എഫ് (NSQF) പ്രകാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ പുതിയ കോഴ്‌സുകള്‍ വന്നിട്ടുണ്ട്.

പത്താം ക്ലാസ് വരെ എല്ലാ വിദ്യാര്‍ത്ഥികളും ഒരേ വിഷയങ്ങള്‍ പഠിച്ച് വരുന്നതില്‍ നിന്ന് വ്യത്യസ്തമാണ് ഹയര്‍സെക്കന്ററിയിലെയും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയിലെയും പഠനം. മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം ക്ലാസ് തുടങ്ങാനാവുന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി- വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ക്ലാസുകളില്‍ കൂടുതല്‍ അധ്യയന ദിവസങ്ങള്‍ ഇതുമൂലം ലഭിക്കും.

ക്ലാസ് തുടങ്ങുമ്പോള്‍ ഓരോ സ്‌കൂളിലും പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്ന തരത്തില്‍ ഒരു പൊതുമീറ്റിംഗ് നടത്തേണ്ടതാണ്.  സ്‌കൂള്‍ വിഭാഗത്തിലെ ക്ലാസുകളെ ബാധിക്കാത്ത തരത്തില്‍ അസംബ്ലി ഹാളില്‍ +1 വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളേയും ഇരുത്തിയശേഷം പ്രിന്‍സിപ്പല്‍, പി.ടി.എ.പ്രസിഡന്റ്, വൈസ് പ്രിന്‍സിപ്പല്‍ എന്നിവരുടെ നേതൃത്വത്തില്‍ ആമുഖ വിശദീകരണം നല്‍കേണ്ടതാണ്.

നാളെ തന്നെ (4-7-2023) പ്ലസ് വണ്‍ ക്ലാസ് മുറികള്‍ ശുചീകരിക്കേണ്ടതും ബഞ്ച്, ഡസ്‌ക് തുടങ്ങിയവ ക്രമീകരിക്കേണ്ടതുമാണ്. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അഡീഷണല്‍ ഡയറക്ടര്‍മാരും ആര്‍.ഡി.ഡി.മാരും ക്ലാസ് തുടങ്ങുന്ന ദിവസം പരമാവധി സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തി വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്ന പരിപാടികള്‍ക്ക് നേതൃത്വം നല്‍കേണ്ടതാണ്.

ജൂലൈ 5 ന് ക്ലാസുകള്‍ ആരംഭിക്കുകയും തുടര്‍ന്ന് സപ്ലിമെന്ററി അലോട്ട്‌മെന്റ് നടക്കുകയും ചെയ്യും. താമസിച്ച് പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍ നഷ്ടപ്പെട്ടത് പരിഹരിക്കുന്നതിന് അവര്‍ക്ക് എക്‌സ്ട്രാ ക്ലാസുകള്‍ ഏര്‍പ്പെടുത്തി പഠന നഷ്ടം പരിഹരിക്കും. സമയബന്ധിതമായി അലോട്ട്‌മെന്റുകള്‍ കൃത്യമായി നടത്തി, പ്രോസ്‌പെക്ടസില്‍ സൂചിപ്പിച്ചിരുന്നതുപോലെ ജൂലൈ 5 ന് തന്നെ ക്ലാസുകള്‍ ആരംഭിക്കാന്‍ സാധിക്കുന്നത് വലിയ നേട്ടമാണ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 25 നാണ് ക്ലാസുകള്‍ ആരംഭിച്ചത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!