//
28 മിനിറ്റ് വായിച്ചു

പുണ്യം പൂങ്കാവനം ശബരിമലയ്ക്ക് പുറമെയുളള ഹിന്ദു ആരാധനാലയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനെതിരെ പൊലീസ് അസോസിയേഷൻ

ചില ആരാധനാലയങ്ങളിൽ ഗാർഡ് ഓഫ് ഓണർ നൽകുക, ആയുധങ്ങളും വാഹനങ്ങളും പൂജിക്കുക, മതപരമായ ആഘോഷങ്ങളിൽ പോലീസ് എന്ന നിലയിൽ പങ്കാളിയാകുക തുടങ്ങിയവ പൂർണ്ണമായി ഒഴിവാക്കേണ്ടതാണെന്നും ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ അദ്ദേഹം പറയുന്നു.

തിരുവനന്തപുരം: പൊലീസ് സേന എന്ന നിലയിൽ മതപരമായ ആഘോഷങ്ങളുടെ ഭാഗമാകുന്നത് ഗൗരവമായി പരിശോധിക്കപ്പെടണമെന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ ബിജു. ചില ആരാധനാലയങ്ങളിൽ ഗാർഡ് ഓഫ് ഓണർ നൽകുക, ആയുധങ്ങളും വാഹനങ്ങളും പൂജിക്കുക, മതപരമായ ആഘോഷങ്ങളിൽ പോലീസ് എന്ന നിലയിൽ പങ്കാളിയാകുക തുടങ്ങിയവ പൂർണ്ണമായി ഒഴിവാക്കേണ്ടതാണെന്നും ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ അദ്ദേഹം പറയുന്നു’കാലങ്ങളായി നിലനിൽക്കുന്ന ഇത്തരം ശരികേടുകൾ മാറ്റണം എന്ന് ചിന്തിക്കുമ്പോഴും സമീപകാലത്ത് പുതിയ ചില അനാചാരങ്ങളും പോലീസിൽ ആരംഭിച്ചിട്ടുണ്ട്. പുണ്യം പൂങ്കാവനം എന്ന പേരിൽ ശബരിമലയിലെ ശുചീകരണം പോലീസ് നടത്തുന്നു. ഇത് മറ്റ് ഹൈന്ദവ ക്ഷേത്രങ്ങളിലേക്ക് വ്യാപിപ്പിച്ചതായി കണ്ടു. എല്ലാ മതങ്ങളേയും ഒരുപോലെ കണ്ട്, മതനിരപേക്ഷത ഉയർത്തിപ്പിടിക്കേണ്ട പോലീസ് സംവിധാനത്തെക്കൊണ്ട് ഒരു മതവിഭാഗത്തിന്റെ നിരവധി ആരാധനാലയങ്ങൾ ശുചീകരിക്കാൻ നടത്തുന്ന പ്രവർത്തനങ്ങൾ അടിയന്തിരമായി നിർത്തലാക്കേണ്ടതാണ്. അതിനെല്ലാം കൃത്യമായ സംവിധാനങ്ങൾ നിലവിലുള്ളപ്പോഴാണ് അനാവശ്യമായ ഇത്തരം പ്രവർത്തനങ്ങളിലേക്ക് പോലീസിനെ വലിച്ചിഴയ്ക്കുന്നത്.”- അദ്ദേഹം പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം

ഹൈക്കോടതി നിർദേശം
അഭിമാനകരമാകുമ്പോൾ.
നേരിട്ടോ അല്ലാതെയോ ജില്ലയിലെ ജുഡീഷ്യൽ ഓഫിസർമാർ കോടതി വിളക്ക് നടത്തിപ്പിൽ പങ്കാളികളാകരുത് എന്നും കോടതിവിളക്ക് എന്ന് വിളിക്കുന്നതും അസ്വീകാര്യമാണ് എന്നും ബഹു.ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നു.
കോടതികൾ ഒരു മതത്തിന്റെ പരിപാടിയിൽ ഭാഗമാകുന്നത് ശരിയല്ല. മതനിരപേക്ഷ സ്ഥാപനം എന്ന നിലയിൽ ഇത് അംഗീകരിക്കാനാവില്ല എന്നും ബഹു. കേരള ഹൈക്കോടതി ചൂണ്ടിക്കാട്ടി. ചാവക്കാട് മുൻസിഫ് കോടതി ജീവനക്കാരാണ് ബ്രിട്ടിഷ് ഭരണകാലത്ത് കോടതി വിളക്ക് തുടങ്ങിയത്. അഭിമാനകരമായ നിർദ്ദേശമാണ് കേരള ഹൈക്കോടതിയിൽ നിന്ന് ഉണ്ടായത്.

മതനിരപേക്ഷത ഉയർത്തിപ്പിടിക്കേണ്ട വിഭാഗമായ പോലീസിലും ഇത്തരത്തിൽ തിരുത്തേണ്ടതായ ചില കാര്യങ്ങൾ നിലനിൽക്കുന്നു. മതേതര നിലപാട് ശക്തമായി ഉയർത്തിപ്പിടിച്ച് മാതൃകാപരമായി പ്രവർത്തിച്ചു വരുന്ന കേരള പോലീസ് ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ ആഘോഷം ഏറ്റെടുക്കുന്നതും, അതിൽ പങ്കാളിയാകുന്നതും ശരിയല്ല. മതപരമായതും, വിശ്വാസത്തിന്റെ പേരിലും ജനങ്ങൾ നടത്തുന്ന ആഘോഷങ്ങൾക്ക് സുരക്ഷ നൽകേണ്ട വിഭാഗമാണ് പോലീസ്. അങ്ങനെ മികവുറ്റ രീതിയിൽ സുരക്ഷ നൽകുന്ന പോലീസ്, ചില സ്ഥലങ്ങളിലെങ്കിലും ഇത്തരം ആഘോഷങ്ങളുടെ ഭാഗമായി വരുന്നു. ഏതൊരു പോലീസ് ഉദ്യോഗസ്ഥനും ഒരു വ്യക്തി എന്ന നിലയിൽ അവരവരുടെ വിശ്വാസപ്രകാരമുള്ള ആചാരങ്ങൾ നടത്താൻ സ്വാതന്ത്ര്യമുണ്ട്. അതിന് പകരം പോലീസ് സേന എന്ന നിലയിൽ മതപരമായ ആഘോഷങ്ങളുടെ ഭാഗമാകുന്നത് ഗൗരവമായി പരിശോധിക്കപ്പെടണം.
ചില ആരാധനാലയങ്ങളിൽ ഗാർഡ് ഓഫ് ഓണർ നൽകുക, ആയുധങ്ങളും വാഹനങ്ങളും പൂജിക്കുക, മതപരമായ ആഘോഷങ്ങളിൽ പോലീസ് എന്ന നിലയിൽ പങ്കാളിയാകുക തുടങ്ങിയവ പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.

കാലങ്ങളായി നിലനിൽക്കുന്ന ഇത്തരം ശരികേടുകൾ മാറ്റണം എന്ന് ചിന്തിക്കുമ്പോഴും സമീപകാലത്ത് പുതിയ ചില അനാചാരങ്ങളും പോലീസിൽ ആരംഭിച്ചിട്ടുണ്ട്. പുണ്യം പൂങ്കാവനം എന്ന പേരിൽ ശബരിമലയിലെ ശുചീകരണം പോലീസ് നടത്തുന്നു. ശബരിമലയിലെ ശുചീകരണ പ്രവർത്തനങ്ങൾ ഭംഗിയായി നിറവേറ്റാൻ പത്തനംതിട്ട ജില്ലാ കളക്ടറുടെ നിയന്ത്രണത്തിൽ ഒരു സൊസൈറ്റി തന്നെ പ്രവർത്തിക്കുന്നുണ്ട്. ദേവസ്വം ബോർഡും ജില്ലാ ഭരണകൂടവും ഭംഗിയായി ശബരിമല ശുചീകരണം നടത്തി വരുമ്പോൾ പിന്നെ എന്തിന് പോലീസ് സേന ഇങ്ങനെ ഒരു പ്രവർത്തി നടത്തുന്നു എന്നതിനെക്കുറിച്ച് പരിശോധിക്കേണ്ടത്. ശമ്പരിമലയിൽ മാത്രം നടന്നുവന്നിരുന്ന ഈ പ്രവർത്തനം സമീപ ദിവസം മറ്റ് ചില ഹൈന്ദവ ആരാധനാലയങ്ങളിലേക്കും വ്യാപിപ്പിച്ചതായ പത്ര വാർത്തകൾ ഫോട്ടോ സഹിതം കണ്ടു. എല്ലാ മതങ്ങളേയും ഒരുപോലെ കണ്ട്, മതനിരപേക്ഷത ഉയർത്തിപ്പിടിക്കേണ്ട പോലീസ് സംവിധാനത്തെക്കൊണ്ട് ഒരു മതവിഭാഗത്തിന്റെ നിരവധി ആരാധനാലയങ്ങൾ ശുചീകരിക്കാൻ നടത്തുന്ന പ്രവർത്തനങ്ങൾ അടിയന്തിരമായി നിർത്തലാക്കേണ്ടതാണ്. അതിനെല്ലാം കൃത്യമായ സംവിധാനങ്ങൾ നിലവിലുള്ളപ്പോഴാണ് അനാവശ്യമായ ഇത്തരം പ്രവർത്തനങ്ങളിലേക്ക് പോലീസിനെ വലിച്ചിഴയ്ക്കുന്നത്.
മതനിരപേക്ഷത ഉയർത്തിപ്പിടിച്ച്,
രാജ്യത്ത് മാതൃകയായി പ്രവർത്തിക്കുന്ന പോലീസാണ് കേരള പോലീസ്. എല്ലാ മതവിഭാഗക്കാരും, വിശ്വാസികളും, അവിശ്വാസികളും ഒരുപോലെ പ്രവർത്തിക്കുന്ന വിഭാഗമാണ് കേരള പോലീസ്. മതേതര കേരളത്തിന് തെറ്റായ സന്ദേശങ്ങൾ മാത്രം നൽകാനുതകുന്ന ഇത്തരം പരിപാടികൾ അടിയന്തിരമായി നിർത്തൽ ചെയ്യാനുള്ള നടപടികൾ ഉണ്ടാകണം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version