തോട്ടട ജിഷ്ണു വധക്കേസിൽ മൂന്ന് പേരെകൂടി പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ മിഥുൻ, അക്ഷയ്, ഗോകുൽ തുടങ്ങിയവരാണ് ബോംബ് നിർമിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ജിഷ്ണുവിന്റെ കയ്യിൽ ബോംബുണ്ടായിരുന്നില്ല. ബോംബ് ഉണ്ടാക്കിയ സ്ഥലവും ബോംബിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും മിഥുൻറെ വീടിന്റെ പരിസരത്തു നിന്നാണ് ബോംബുണ്ടാക്കിയതെന്നും പൊലീസ് പറഞ്ഞു. വീടിന്റെ പരിസരത്ത് ബോംബ് പൊട്ടിച്ച് പരീക്ഷിച്ചതായും കണ്ടെത്തിയിട്ടുണ്ട്. തലേ ദിവസമാണ് ബോംബ് നിർമിച്ചത്.താഴേചൊവ്വയിലെ കടയിൽ നിന്ന് 4000 രൂപക്ക് പടക്കം വാങ്ങി എന്നത് ശരിയാണ്. എന്നാൽ ബോംബ് നിർമാണത്തിന് ഈ പടക്കം ഉപയോഗിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി.കൂടുതൽ പ്രതികളുണ്ടോ എന്നത് അന്വേഷിച്ച് വരികയാണ്. ബോംബ് വാങ്ങി നൽകിയത് മറ്റൊരാളാണ് ,ഇതിനെ കുറിച്ച് പൊലീസ് ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. കല്യാണത്തിൽ പങ്കെടുത്ത പ്രതികൾക്ക് അവിടെയുണ്ടായ സംഘർഷത്തിൽ പരിക്കേൽക്കുകയും ഇതിന് പകരം വീട്ടുമെന്ന് പറഞ്ഞ് വാണിയൻചാൽ എന്ന സ്ഥലത്തെത്തുകയും ചെയ്തു. ബോംബ് നിർമാണ സാമഗ്രികൾ മറ്റൊരാൾ എത്തിച്ചു നൽകുകയായിരുന്നു. ഇവർ മൂന്ന് പേരും കൂടി ബോംബ് ഉണ്ടാക്കുകയും കല്യാണ വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. മാരകായുധങ്ങളും ബോംബുമായി അക്രമം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ സ്ഥലത്ത് എത്തിയതെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. എതിരാളികളെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ ബോംബ് എറിഞ്ഞത്.അക്ഷയ് എറിഞ്ഞ ബോംബ് ലക്ഷ്യം തെറ്റി പതിച്ചാണ് ജിഷ്ണു കൊല്ലപ്പെട്ടതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മൂന്ന് ബോംബുകളാണ് ഇവരുടെ കയ്യിൽ ഉണ്ടായിരുന്നത്. ആദ്യം ബോംബെറിഞ്ഞത് മിഥുനാണ്. ഈ ബോംബേറിൽ ആർക്കും കാര്യമായ പരിക്കൊന്നും ഉണ്ടായിരുന്നില്ല. രണ്ടാമത് അക്ഷയ് എറിഞ്ഞ ബോംബാണ് സംഘാംഗങ്ങളുടെ കയ്യിൽ തട്ടി ജിഷ്ണുവിന്റെ തലയിൽ പതിച്ചത്.