ഇന്ന് റിലീസ് ചെയ്ത കുഞ്ചാക്കോ ബോബന്റെ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ പോസ്റ്ററിനെതിരെ വിമർശനം.’തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നാണ് പോസ്റ്ററിൽ കുറിച്ചിരുന്ന വാചകം.കേരളത്തിലെ റോഡുകളിലെ കുഴികളെ പറ്റി ഈ മഴക്കാലത്ത് വിമര്‍ശനവും വാദപ്രതിവാദങ്ങളും നടക്കുന്ന സമയത്താണ് ഈ പരസ്യവാചകം. സമൂഹമാധ്യമങ്ങളില്‍ ഈ പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സംവാദങ്ങള്‍ കയര്‍ക്കുകയാണ്. സിനിമയിലെ ട്രെയ്‌ലറിലും റോഡിലെ കുഴികളെക്കുറിച്ച് പരാമര്‍ശമുണ്ട്.
കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയും ട്രോളുകളും വിമർശനങ്ങളും നിറയുകയാണ്.
“കുഴി അടച്ചിട്ട് വരാം അപ്പോഴേക്കും പടം ടെലഗ്രാമിൽ കിട്ടുമല്ലോ, അവസാനനിമിഷം കലം ഉടച്ചു കളഞ്ഞല്ലോ അണ്ണാ,
ആരുടെ ബുദ്ധിയാണെങ്കിലും അവൻ നിങ്ങളുടെ ശത്രുവാണ്. ഇനി വരുന്നത് അനുഭവിച്ചോ,
ഇതു വരെ എല്ലാം ഒക്കെ ആയിരുന്നു അവസാനം ഇതിന്റ ആവിശ്യം ഉണ്ടായിരുന്നോ ഇതു പോലെ ഒരു പോസ്റ്റ്.
ഒരു സിനിമ വിജയിക്കണമെങ്കിൽ എല്ലാവരുടെയും സപ്പോർട്ട് വേണം അത് മനസിലാക്കിയാൽ നല്ലത്,
സർക്കാരിനെതിരെ ഒരു ട്രോളും സിനിമക്ക് ഒരു പ്രൊമോഷനും കൊള്ളാം, വഴിയിലെ കുഴിയിൽ വീണു പരിക്കുപറ്റിയാൽ ചാക്കോച്ചൻ ആശുപത്രി ചിലവ് നൽകുമോ..”,
എന്നിങ്ങനെയാണ് കുഞ്ചാക്കോയുടെ പോസ്റ്റ് താഴെ വരുന്ന കമന്റുകൾ.
രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’. എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറില്‍ പ്രശസ്ത നിര്‍മ്മാതാവ് സന്തോഷ്. ടി. കുരുവിള നിര്‍മ്മാണവും കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്‌ചേഴ്‌സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മ്മാണവും നിര്‍വഹിച്ച ചിത്രത്തിന്റെ മറ്റൊരു സഹനിര്‍മ്മാതാവ് ഷെറിന്‍ റേച്ചല്‍ സന്തോഷാണ്.
നിയമ പ്രശ്‌നങ്ങള്‍ ചുറ്റിപ്പറ്റി കോടതിയില്‍ ഒരു കള്ളനും മന്ത്രിയും തമ്മില്‍ നടക്കുന്ന കോടതി വിചാരണയുടെ പശ്ചാത്തലത്തില്‍ ആണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ആക്ഷേപഹാസ്യ ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡോണ്‍ വിന്‍സെന്റ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ രണ്ട് ഗാനങ്ങളും ഇതിനോടകം വളരെയധികം ജനശ്രദ്ധ നേടിയിരിക്കുകയാണ്. യേശുദാസ് – ഓ. എന്‍. വി. കുറുപ്പ് കൂട്ടുകെട്ടില്‍ ഔസേപ്പച്ചന്‍ സംഗീതം നല്‍കിയ നിത്യഹരിത ഗാനം ‘ദേവദൂതര്‍ പാടി’യുടെ റീമിക്‌സ് പതിപ്പും ഗാനത്തിലെ കുഞ്ചാക്കോ ബോബന്റെ വേറിട്ട ഡാന്‍സും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഒരുകോടിയിലേറെ കാഴ്ചക്കാരുമായി സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.
ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ‘സൂപ്പര്‍ ഡീലക്‌സ്’, ‘വിക്രം’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കര്‍ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം ആണ് ഇത്.കുഞ്ചാക്കോ ബോബന്റെ അഭിനയ ജീവിതത്തില്‍ തന്നെ ഏറ്റവും വ്യത്യസ്ത രൂപത്തിലും ഭാവത്തിലും എത്തുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’. വേറിട്ട ടീസറും പോസ്റ്ററുകളും ഗാനങ്ങളും പോലും വളരെയധികം ജനശ്രദ്ധ നേടിയിരുന്നു.