/
10 മിനിറ്റ് വായിച്ചു

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് പ്രതി രക്ഷപെടാന്‍ ശ്രമിച്ചു; ഒടുവിൽ ‘വലയിൽ’

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച കൊലക്കേസ് പ്രതിയായ സുഭാഷ് പിടിയില്‍. രക്ഷപ്പെടാന്‍ വേണ്ടി മരത്തിന്റെ മുകളില്‍ കയറിയ സുഭാഷ് മരത്തിന്റെ കൊമ്പൊടിഞ്ഞ് ഫയര്‍ഫോഴ്‌സും പൊലീസും വിരിച്ച വലയിലേക്ക് വീഴുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇന്ന് വൈകിട്ട് നാലരയോടെയാണ് ജീവപര്യന്തം തടവുകാരനായ കോട്ടയം സ്വദേശി സുഭാഷ് ചുറ്റുമതില്‍ ചാടി മരത്തിനു മുകളില്‍ കയറിയത്. ജയില്‍ ഓഫീസില്‍ ഹാജരാക്കിയ ശേഷം പുറത്തിറങ്ങിയപ്പോഴാണ് സുഭാഷ് ഓടിയത്. മരത്തിന്റെ മുകളില്‍ കയറിയ ശേഷം ആത്മഹത്യാ ഭീഷണിയും ഇയാള്‍ മുഴക്കിയിരുന്നു.

കുടുംബത്തെ കാണണം, ശിക്ഷയില്‍ ഇളവ് നല്‍കണം തുടങ്ങിയ ആവശ്യങ്ങളും ഇയാള്‍ മുന്നോട്ട് വച്ചു. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ മരത്തിന്റെ കീഴില്‍ വല സ്ഥാപിക്കുകയും ചെയ്തു. സുഭാഷിനെ താഴെയിറക്കാന്‍ രണ്ട് ഉദ്യോഗസ്ഥരും മരത്തിന് മുകളില്‍ കയറിയിരുന്നു. ആ സമയത്ത് മരത്തിന്റെ ഏറ്റവും മുകളിലായിരുന്നു സുഭാഷ്. ഇതിനിടെ മരത്തിന്റെ കൊമ്പൊടിഞ്ഞ് സുഭാഷ് താഴെ വീഴുകയായിരുന്നു. അധികം ബലമില്ലാത്ത കൊമ്പും മുകളില്‍ നിറയെ ഉറുമ്പുമുള്ള ചാമ്പ മരത്തിലാണ് സുഭാഷ് കയറിയിരുന്നതെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. താഴേക്ക് വീണ ഉടന്‍ തന്നെ ഇയാളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ സുഭാഷ് നെട്ടുകാല്‍ തുറന്ന ജയിലിലായിരുന്നു. കൊവിഡ് വ്യാപന സമയത്ത് പരോള്‍ അനുവദിച്ചപ്പോള്‍ പുറത്തുപോയ സുഭാഷ് കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ തിരിച്ചെത്തിയില്ല. ഇതോടെ അറസ്റ്റ് ചെയ്ത് പൂജപ്പുരയിലേക്ക് കൊണ്ടുവരികയായിരുന്നു.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!