//
24 മിനിറ്റ് വായിച്ചു

ജോ ജോസഫിന്റെ പേരില്‍ അശ്ലീല വീഡിയോ പ്രചരണം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫിന്റെ പേരില്‍ സോഷ്യല്‍മീഡിയയിലൂടെ അശ്ലീലവീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. എല്‍ഡിഎഫ് തൃക്കാക്കര മണ്ഡലം സെക്രട്ടറി എം സ്വരാജിന്റെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോണ്‍ഗ്രസ് അനുകൂലികളായ സ്റ്റീഫന്‍ ജോണ്‍, ഗീത പി തോമസ് എന്നീ എഫ്ബി,ട്വിറ്റര്‍ അക്കൗണ്ട് ഉടമകള്‍ക്കെതിരെയാണ് കേസെടുത്തത്.ഐടി ആക്ട് 67എ, 123 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ജോ ജോസഫിനെ സ്വഭാവഹത്യ നടത്തി, ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതിന് വീഡിയോ പ്രചരിപ്പിച്ചെന്നാണ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.ജോ ജോസഫിനെതിരെ യുഡിഎഫ് സൈബര്‍ കേന്ദ്രങ്ങള്‍ നടത്തുന്ന അശ്ലീലവീഡിയോ പ്രചരണത്തില്‍ മറുപടിയുമായി ഭാര്യ ദയ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയനിലപാടുകളും വികസനസ്വപ്‌നങ്ങളും നയങ്ങളുമാണ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉയരേണ്ടതെന്നും അല്ലാതെ വ്യക്തിഹത്യ അല്ലെന്ന് ദയ പറഞ്ഞു. വ്യാജ അശ്ലീലവീഡിയോ പ്രചരിപ്പിച്ചതിന്റെ പിന്നില്‍ യുഡിഎഫ് കേന്ദ്രങ്ങള്‍ തന്നെയാണെന്നും ദയാ പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ വ്യക്തിപരമായി ലക്ഷ്യമിട്ട് ആക്രമിക്കുകയാണ്. ഇത് തെരഞ്ഞെടുപ്പ് ശത്രുത തന്നെയാണ്. എതിര്‍പക്ഷത്തുള്ളവര്‍ അല്ലെങ്കില്‍ പിന്നെ ആരാണ് ഇങ്ങനെ ചെയ്യുകയെന്നും ദയ ചോദിച്ചു.

ദയാ പാസ്‌കല്‍ പറഞ്ഞത്:

”ജോ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് മുതല്‍ ക്രൂരമായ പരിഹാസങ്ങളാണ് സോഷ്യല്‍മീഡിയയിലൂടെ ഞങ്ങള്‍ നേരിട്ടു കൊണ്ടിരുന്നത്. അതിനൊന്നും മറുപടി പറയേണ്ടെന്ന് വച്ചിട്ടാണ്. കാരണം നയങ്ങളും നിലപാടുകളുമാണല്ലോ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എന്നാല്‍ കുടുംബത്തെ പോലും വേട്ടയാടുന്ന പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ മിണ്ടാതിരിക്കാന്‍ സാധിക്കില്ല.മാത്രമല്ല, അതിലൊരു ഭീഷണിസ്വരവുമുണ്ടായിരുന്നു. ഞങ്ങള്‍ക്കെതിരെ സ്ഥാനാര്‍ത്ഥിയാകാന്‍ ധൈര്യപ്പെട്ടാല്‍, മിണ്ടിയാല്‍ ഇതാണ് അവസ്ഥ എന്ന ഭീഷണിയാണ് അതിലുണ്ടായിരുന്നത്. അതിനെതിരെ പ്രതികരിക്കേണ്ടതല്ലേ.” ”ഇപ്പോഴത്തെ പ്രതികരണം ഞങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, രാഷ്ട്രീയമെന്ന് പറയുന്നത് ഇങ്ങനെയാണോ. വ്യക്തികള്‍ തമ്മിലാണോ ഏറ്റുമുട്ടുന്നത്, വ്യക്തിഹത്യയാണോ വേണ്ടത്. രാഷ്ട്രീയനിലപാടുകളും വികസനസ്വപ്‌നങ്ങളും നയങ്ങളും അല്ലേ തെരഞ്ഞെടുപ്പില്‍ പറയേണ്ടത്. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ നാളെ വരുന്നവര്‍ ഇവര്‍ക്കെതിരെ തെരഞ്ഞെടുപ്പില്‍ ഇറങ്ങാന്‍ ഭയക്കില്ലേ. ഇങ്ങനെയും ആളുകളെ ഭീഷണിപ്പെടുത്താം, മിണ്ടാതിരുത്താമെന്ന് കരുതുന്നത് ശരിയല്ല. സൈബര്‍ ഇടത്തിലേക്ക് കുട്ടികളെയും കുടുംബത്തെയും വലിച്ച് ഇടരുത്. അങ്ങനെ ചെയ്യാന്‍ പാടില്ല. അവരുടെ ഭീഷണിക്ക് മുന്നില്‍ മിണ്ടാതിരുന്ന് കൂടാ.” ”വീഡിയോ പ്രചരണത്തിന്റെ പിന്നില്‍ എല്‍ഡിഎഫാണെന്ന യുഡിഎഫ് പരാമര്‍ശത്തിന്റെ മുനയൊടിക്കാന്‍ ഒറ്റ കാര്യം മതി. പരാതി കൊടുത്ത് മിനിറ്റുകള്‍ക്കുള്ളില്‍ എല്ലാ പ്രൊഫൈലുകളും ഡീ ആക്ടിവേറ്റ് ചെയ്യപ്പെട്ടു. അതിന്റെ അര്‍ത്ഥം എന്താണ്. എല്ലാം ഒറ്റ സ്ഥലത്ത് നിന്ന് പ്രവര്‍ത്തിക്കുന്നു എന്നല്ലേ. എല്ലാം ഒരു ഗ്രൂപ്പാണ് നിയന്ത്രിച്ചത് എന്ന് അല്ലേ.” ”ഇങ്ങനെ അല്ല തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടത്. സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ട് അല്ലല്ലോ മത്സരിക്കേണ്ടത്. ഇത് കേരളമാണ്, ഇവിടെ ഇത്തരം കാര്യങ്ങള്‍ വില പോവില്ല. ഈ നാട്ടില്‍ ജനിച്ച് വളര്‍ന്ന് ജീവിക്കുന്നവരാണ് ഞങ്ങള്‍. ഇതുവരെ ഇങ്ങനെയാരു ആക്രമണമുണ്ടായിട്ടില്ല. സ്ഥാനാര്‍ത്ഥിപ്രഖ്യാപനം മുതല്‍ വ്യക്തിപരമായി ലക്ഷ്യമിട്ട് ആക്രമിക്കുകയാണ്. ഇത് തെരഞ്ഞെടുപ്പ് ശത്രുത തന്നെയാണ്. അല്ലെങ്കില്‍ എന്താണ്. എതിര്‍പക്ഷത്തുള്ളവര്‍ അല്ലെങ്കില്‍ പിന്നെ ആരാണ് ഇങ്ങനെ ചെയ്യുന്നത്.” ”ഞങ്ങള്‍ എതിര്‍സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ഇതുവരെ എവിടെയും ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. ബഹുമാനം വിട്ട് ഒന്നും സംസാരിച്ചിട്ടില്ല. അങ്ങോട്ട് കാണിക്കുന്ന മാന്യതയുടെ ചെറിയൊരു അംശം ഇങ്ങോട്ട് പ്രതീക്ഷിക്കുന്നതില്‍ തെറ്റുണ്ടോ.”

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version