/
10 മിനിറ്റ് വായിച്ചു

മകനുവേണ്ടി ദമ്പതികൾക്ക്‌ മരണാനന്തരം വിവാഹ രജിസ്‌ട്രേഷൻ

തിരുവനന്തപുരം > വിവാഹശേഷം 15–-ാം വർഷം ഒരു രജിസ്‌ട്രേഷൻ, അതും ദമ്പതികളുടെ മരണശേഷം. തിരുവനന്തപുരം മുല്ലൂർ സ്വദേശിനി ജോളി പി ദാസിന്റെയും എസ്‌ അജികുമാറിന്റെയും 2008ൽ നടന്ന വിവാഹം രജിസ്റ്റർ ചെയ്യാനാണ്‌ തദ്ദേശ വകുപ്പ്‌ ഡെപ്യൂട്ടി സെക്രട്ടറി ഉത്തരവിറക്കിയത്‌. ജോളിയുടെ അച്ഛൻ കെ ജ്ഞാനദാസിന്റെ അപേക്ഷയിലാണ്‌ ഉത്തരവ്‌.

2008 ആഗസ്ത്‌ 28നാണ്‌ ജോളി പി ദാസും എസ് അജികുമാറും വിവാഹിതരായത്‌. മുല്ലൂർ സിഎസ്ഐ ചർച്ചിൽ നടന്ന വിവാഹം പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിരുന്നില്ല. 2012ൽ ജോളിയും 2018ൽ അജികുമാറും മരിച്ചു. ഇവരുടെ ഏകമകനായ പതിനാലുകാരൻ മുത്തച്ഛൻ ജ്ഞാനദാസിനൊപ്പമാണ്‌ കഴിയുന്നത്‌. കുട്ടിയുടെ ഭാവി ആവശ്യങ്ങൾക്കായി മാതാപിതാക്കളുടെ വിവാഹസർട്ടിഫിക്കറ്റ്‌ ആവശ്യമായതോടെയാണ്‌ രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ജ്ഞാനദാസ് സർക്കാരിൽ അപേക്ഷിച്ചത്‌. ആദ്യം തിരുവനന്തപുരം നഗരസഭയുടെ വിഴിഞ്ഞം സോണൽ ഓഫീസിൽ അപേക്ഷിച്ചെങ്കിലും സർക്കാരിന്റെ പ്രത്യേക അനുമതി വാങ്ങണമെന്ന് മറുപടി ലഭിച്ചു. തുടർന്നാണ്‌ രജിസ്‌ട്രേഷൻ നടത്താൻ അപേക്ഷിക്കുകയും സർക്കാർ അനുമതി നൽകുകയും ചെയ്‌തത്‌.

“വർഷങ്ങളായി ഞാൻ ഇതിനുപിറകെയായിരുന്നു. ഇപ്പോൾ വിവാഹം രജിസ്റ്റർ ചെയ്യാൻ ഉത്തരവായെന്നറിയുന്നതിൽ അതീവ സന്തോഷമുണ്ട്‌’–-ജ്ഞാനദാസ്‌ പറഞ്ഞു. ജോളിയുടെ മരണശേഷം വീണ്ടും വിവാഹിതനായ അജികുമാറിന്‌ ഒരു കുട്ടികൂടിയുണ്ട്‌. ഇവർ മറ്റൊരിടത്താണ്‌ താമസം. ജോളി–-അജികുമാർ ദമ്പതികളുടെ വിവാഹം നടന്നത് 2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ നിലവിൽ വന്നശേഷമാണ്. മാതാപിതാക്കൾ നഷ്ടമായ കുട്ടിക്ക് ഭാവിയിലെ വിവിധ ആവശ്യങ്ങൾക്കായി അവരുടെ വിവാഹ സർട്ടിഫിക്കറ്റ് ആവശ്യമായി വരുമെന്നതിനാലാണ്‌ അപേക്ഷ പരിഗണിക്കാൻ വകുപ്പ്‌ തീരുമാനിച്ചത്‌.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version