/
11 മിനിറ്റ് വായിച്ചു

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം;താപനിലയങ്ങളിലെ വൈദ്യുതോത്പാദനത്തില്‍ കുറവ്

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. രാത്രി 6.30 നും 11.30 നും ഇടയിൽ  ‌15 മിനിട്ട് നേരമാകും വൈദ്യുതി വിതരണം തടസ്സപ്പെടുക. നഗരപ്രദേശങ്ങളെയും ആശുപത്രിയടക്കമുള്ള അവശ്യ സേവനങ്ങളെയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പീക്ക് അവറില്‍ 200 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനം നേരിടുന്നത്. കല്‍ക്കരി ക്ഷാമം മൂലം താപനിലയിലങ്ങളിലെ വൈദ്യുതോത്പാദനത്തില്‍ കുറവ് സംഭവിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. വൈദ്യുതി ഉപയോഗം കുറച്ച് ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു.പ്രശ്നം പരിഹരിക്കാൻ നടപടി തുടങ്ങിയിട്ടുണ്ടെന്നും മറ്റൊരു വിതരണ കമ്പനിയുമായി കരാർ ഒപ്പിട്ടുവെന്നും വൈദ്യുതി  മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. കോഴിക്കോട് നല്ലളത്തെ ഡീസൽ നിലയത്തെക്കൂടി പ്രയോജനപ്പെടുത്തി രണ്ട് ദിവസത്തിനുള്ളിൽ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം രാജ്യത്ത് കൽക്കരി പ്രതിസന്ധിയില്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ രംഗത്ത് എത്തി. ആവശ്യമായ സ്റ്റോക്ക്  കൽക്കരിയുണ്ടെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. രാജ്യത്തെ വിവിധ താപവൈദ്യുത നിലയങ്ങളിലായി ഏകദേശം 22 ദശലക്ഷം ടൺ കൽക്കരിയുണ്ട്. സ്റ്റോക്ക് തുടർച്ചയായി നിറയ്ക്കുമെന്നും ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയെന്നും  മന്ത്രി പറഞ്ഞു.എന്നാല്‍ രാജ്യത്തെ പല സംസ്ഥാനങ്ങളിലും വൈദ്യുതി വിതരണത്തില്‍ പ്രതിസന്ധി നേരിടുന്നുണ്ട്. ബീഹാറിലും ,ഒഡീഷയിലും പ്രതിസന്ധി രൂക്ഷമാകുകയാണ് .വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഡല്‍ഹി സർക്കാർ കേന്ദ്രത്തിന് കത്തയച്ചു .ഡല്‍ഹിക്ക് വൈദ്യുതി നൽകുന്ന താപനിലയങ്ങളിൽ കൽക്കരി ഉറപ്പാക്കണമെന്നാണ് സര്‍ക്കാരിന്‍റെ ആവശ്യം. നിലവിൽ ഡല്‍ഹിയില്‍ വൈദ്യുതി നൽകുന്ന താപനിലയങ്ങളിൽ പരമാവധി അഞ്ച് ദിവസത്തേക്ക് മാത്രം കൽക്കരി ശേഖരമുള്ള സാഹചര്യത്തിലാണ് കത്തയച്ചത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!