തിരുവനന്തപുരം: പതിമൂന്ന് വയസുള്ള ബാലനെ പീഡിപ്പിച്ച കേസിൽ പ്രതിയായ സൈക്കോളജിസ്റ്റ് ഗിരീഷിന് (58) ആറ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്.ഒരു വർഷം പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം.2017 ആഗസ്റ്റ് 14 ന് വൈകിട്ട് ഏഴരയോടെ പ്രതിയുടെ മണക്കാടുള്ള വീട്ടിലെ തണൽ എന്ന സ്വകാര്യ ക്ലിനിക്കിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവം നടക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു ഗിരീഷ് പ്രവർത്തിച്ചിരുന്നത്. കുട്ടിയെ പീഡിപ്പിച്ച പ്രതി ഇക്കാര്യം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തി. മകൻ ഭയന്നിരിക്കുന്നത് കണ്ട് മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് കുട്ടി കാര്യം പറഞ്ഞത്.മാതാപിതാക്കൾ വിവരം ചൈൽഡ്ലൈനിൽ അറിയിക്കുകയായിരുന്നു. ഫോർട്ട് പൊലീസ് സംഭവത്തിൽ കേസെടുത്തു. ഇതിന് പുറമെ മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതിയാണ് ഇയാള്. ഈ സംഭവത്തിൽ കേസ് വിചാരണ ഘട്ടത്തിലാണ്. നേരത്തെ ചികിത്സയ്ക്ക് എത്തിയ വിവാഹിതയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിലും ഇയാൾ പ്രതിയായിരുന്നു.സംഭവം ഒത്തുതീർപ്പാക്കിയതാണ് അന്ന് ശിക്ഷിക്കപ്പെടാതിരിക്കാൻ കാരണം.