മുൻഗണന റേഷൻ കാർഡുകൾക്കുള്ള അപേക്ഷകൾ ഒക്ടോബർ 10 മുതൽ 20 വരെ സ്വീകരിക്കുമെന്ന് ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. മന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടിക്കിടെ ഉപഭോക്താക്കളെ അറിയിച്ചതാണ് ഇക്കാര്യം.
മുൻഗണന കാർഡിന് വേണ്ടി നേരത്തേ അപേക്ഷ സമർപ്പിച്ചിട്ട് ഉള്ളവരിൽ നിന്ന് അർഹരായി കണ്ടെത്തിയ 11,348 പേർക്ക് നടപടി ക്രമങ്ങൾ പൂർത്തിയാക്കി മുൻഗണനാ കാർഡുകൾ അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.
ജൂലൈ മാസത്തിൽ നടന്ന ഫോൺ ഇൻ പരിപാടിയിൽ 24 പരാതികളാണ് ലഭിച്ചത്. 15 പരാതികൾ മുൻഗണന കാർഡുമായി ബന്ധപ്പെട്ടുള്ളവ ആയിരുന്നു. മറ്റുള്ളവ റേഷൻ വിതരണം, സപ്ലൈകോ സേവനങ്ങൾ എന്നിവ സംബന്ധിച്ച് ഉള്ളതായിരുന്നു. അവ ഓരോന്നും പരിശോധിച്ച് പരിഹരിക്കുന്നതിന് ഉള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.