//
16 മിനിറ്റ് വായിച്ചു

‘ഈ നിരക്ക് സ്വീകാര്യമല്ല’;കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ പ്രതിഷേധം തുടരുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

ഇപ്പോഴത്തെ യാത്രാ നിരക്ക് വര്‍ധനവ് സ്വീകാര്യമല്ലെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി ഗോപിനാഥ്. വിദ്യാര്‍ത്ഥികളുടെ യാത്രാക്കൂലി കൂട്ടാത്ത നിരക്ക് വര്‍ധനവ് സ്വകാര്യ ബസ്സുകള്‍ക്ക് യാതൊരു ഗുണവുമുണ്ടാക്കില്ല. രണ്ട് രൂപ മാത്രം മിനിമം ചാര്‍ജില്‍ വര്‍ധനവുമായി ഈ വ്യവസായം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഇപ്പോള്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധനവ് ഈ വ്യവസായം മുന്നോട്ട് കൊണ്ടുപോകാന്‍ ഒട്ടും പര്യാപ്തമല്ല. ഈ നിരക്ക് സ്വീകാര്യമല്ല. ബസ് യാത്രക്കാരില്‍ 70 ശതമാനത്തിലധികം വിദ്യാര്‍ത്ഥികളാണ്. വിദ്യാര്‍ത്ഥികളുടെ യാത്രാക്കൂലി കൂട്ടാത്ത നിരക്ക് വര്‍ധനവ് സ്വകാര്യ ബസ്സുകള്‍ക്ക് യാതൊരു ഗുണവുമുണ്ടാക്കില്ല. സംഘടനാ ഭാരവാഹികളുമായി ആശയ വിനിമയം നടത്തി എന്താണ് അടുത്ത നടപടിയെന്ന് തീരുമാനിക്കും. സമര പ്രഖ്യാപനം ഇപ്പോള്‍ നടത്താന്‍ കഴിയില്ല. മറ്റ് സംഘടനകളുമായി ആശയ വിനിമയം നടത്തിയ ശേഷം തീരുമാനത്തില്‍ എത്തും. 72 രൂപ ഇന്ധന വിലയുള്ളപ്പോഴാണ് ജസ്റ്റിസ് രാമചന്ദ്രന്‍ മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. ഇന്ന് 98.52 രൂപയാണ് ഡീസല്‍ ലിറ്ററിന് വില. ഡീസല്‍ വിലയില്‍ 30 രൂപയുടെ വര്‍ധനവ് ഉണ്ടായിട്ടും രണ്ട് രൂപ മാത്രം മിനിമം ചാര്‍ജില്‍ വര്‍ധനവുമായി ഈ വ്യവസായം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ല’, ടി ഗോപിനാഥ് പറഞ്ഞു.

ബസ് ചാര്‍ജ് മിനിമം 12 രൂപയാക്കി ഉയര്‍ത്തണമെന്ന ബസുടമകളുടെ ആവശ്യം തളളിയാണ് എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയാക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബസ് ചാര്‍ജ് വര്‍ധനയ്ക്ക് എല്‍ഡിഎഫ് യോഗം അനുമതി നല്‍കിയിരുന്നു.ഇതിന് പിന്നാലെ ഗതാഗത മന്ത്രി ആന്റണി രാജുവാണ് നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. ഓട്ടോ, ടാക്‌സി ചാര്‍ജും വര്‍ധിപ്പിക്കാനാണ് തീരുമാനമുണ്ട്.വിദ്യാര്‍ത്ഥികളുടെ നിരക്ക് തീരുമാനിക്കാന്‍ കമ്മീഷനെ നിയോഗിക്കും. ചാര്‍ജ് വര്‍ധന കെഎസ്ആര്‍ടിസിക്കും ബാധകമാണെന്നും മന്ത്രി വ്യക്തമാക്കി. എല്‍ഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.ഓട്ടോ ചാര്‍ജ് 2 കിലോമീറ്ററിന് മിനിമം ചാര്‍ജ് 30 രൂപയാക്കും. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപയാക്കാനും തീരുമാനമുണ്ട്. 1500 സിസിക്ക് താഴെയുളള കാറുകള്‍ക്ക് 200 രൂപ മിനിമം ചാര്‍ജായി ഉയര്‍ത്തും. ടാക്‌സി കാറുകളുടെ കിലോമീറ്റര്‍ 15 എന്നത് 18 ആക്കും.1500 സിസിക്ക് മുകളിലുള്ള ടാക്‌സിയുടെ മിനിമം ചാര്‍ജ് 225 ആയി ഉയര്‍ത്താനാണ് തീരുമാനം. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 20 രൂപയാക്കും. വെയിറ്റിങ് ചാര്‍ജ്, രാത്രി യാത്ര എന്നിവയില്‍ ഓട്ടോ, ടാക്‌സി നിരക്കില്‍ മാറ്റമില്ലെന്നും മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ ഉത്തരവായി പ്രഖ്യാപിക്കുന്നതോടെ വര്‍ധിപ്പിച്ച ചാര്‍ജ് സംസ്ഥാനത്ത് നിലവില്‍ വരുമെന്നും മന്ത്രി പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!