തിരുവനന്തപുരം: ചാർജ് വർധനയെന്ന ആവശ്യമുന്നയിച്ച് സ്വകാര്യ ബസ് ഉടമകൾ നാളെമുതൽ നടത്തുന്ന സമരത്തിൽ നിന്ന് ഒത്തുതീർപ്പിനില്ലെന്നും സമരവുമായി മുന്നോട്ട് തന്നെ പോകുമെന്നും ബസ് കോഡിനേഷൻ കമ്മിറ്റി പ്രതിനിധി ടി ഗോപിനാഥ് .സാധാരണക്കാരെ ബുദ്ധിമുട്ടിച്ചുള്ള സമരത്തിന് ബസ് ഉടമകൾക്ക് താൽപ്പര്യമില്ലായിരുന്നു. എന്നാൽ സർക്കാർ സ്വകാര്യ ബസ് മേഖലയെ തഴഞ്ഞതോടെയാണ് സമരത്തിനിറങ്ങേണ്ടി വന്നതെന്നും ബസ് ഉടമകൾ പറഞ്ഞു.”കഴിഞ്ഞ നവംബറിൽ ബസ് സമരം പ്രഖ്യാപിച്ചതാണ്. ഗതാഗതമന്ത്രിയുമായി അതിന് ശേഷം നടത്തിയ ചർച്ചയിൽ ചാർജ് കൂട്ടാമെന്ന ഉറപ്പ് നൽകി. എന്നാൽ നാലരമാസത്തിന് ശേഷവും കൂട്ടിയില്ല. ശബരിമല മകരവിളക്ക്, വിദ്യാർത്ഥികളുമായി ചർച്ച, മുഖ്യമന്ത്രി വിദേശത്ത് പോയി തിരികെ വരട്ടെ തുടങ്ങി ന്യായങ്ങൾ പറഞ്ഞാണ് ഉറപ്പ് പാലിക്കാതെ സർക്കാർ ഒഴിഞ്ഞു മാറിയത്. ബജറ്റിലും ആനുകൂല്യമുണ്ടായില്ല. അതേ സമയം കെ എസ് ആർ ടിസി ക്ക് വേണ്ടി 1000 കോടിയാണ് സർക്കാർ നൽകിയത്. ഡീസൽ വില വർധിച്ചപ്പോൾ കെ എസ് ആർടിസിക്ക് വേണ്ടി സർക്കാർ കോടതി കയറി. ഇന്ധനവില ദിവസേനെ കൂടുന്ന സാഹചര്യത്തിൽ സ്വകാര്യ മേഖല വലിയ പ്രതിസന്ധിയെ നേരിടുന്നു. ബസ് ഉടമകളെ സംബന്ധിച്ച് മുന്നോട്ട് പോകാൻ കഴിയാത്ത സ്ഥിതിയാണെന്നും ചാർജ് വർധനയല്ലാതെ മറ്റൊരു മാർഗം മുന്നിലില്ലെന്നും ബസ് ഉടമകൾ വ്യക്തമാക്കി. അതേ സമയം സർക്കാരിനെ സമ്മർദത്തിലാക്കുന്ന സമരവുമായി മുന്നോട്ട് പോകരുതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു. ബസ്,ഓട്ടോ ടാക്സി പണിമുടക്കുമായി മുന്നോട്ട് പോയാൽ കെ എസ് ആർ ടി സി കൂടുതൽ സർവീസ് നടത്തും. ചാർജ് വർധന സർക്കാർ അംഗീകരിച്ചതാണ്. അത് എപ്പോൾ എങ്ങനെ വേണം എന്നതിൽ ചർച്ച നടക്കുകയാണ്. ഈ സമയത്ത് സമരം കൊണ്ട് സർക്കാരിനെ സമ്മർദപ്പെടുത്താമെന്ന് കരുതേണ്ടെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.