തന്റെ മക്കളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ സർക്കാർ ഹാക്ക് ചെയ്തുവെന്ന പ്രിയങ്ക ഗാന്ധിയുടെ ആരോപണത്തിൽ വിവരസാങ്കേതിക മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. പ്രിയങ്ക ഗാന്ധിയുടെ ആരോപണം ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ബുധനാഴ്ച ശരിവച്ചിരുന്നു. ഇപ്പോൾ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. മെയിട്ടിയുടെ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ് റെയ്ഡുകളെക്കുറിച്ചും ഫോൺ ചോർത്തൽ വിവാദങ്ങളെ പറ്റിയുമുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു പ്രിയങ്ക. ഫോൺ ചോർത്തൽ മാത്രമല്ല, അവർ തന്റെ മക്കളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ വരെ ഹാക്ക് ചെയ്യുന്നു, ഇവർക്ക് വേറെ പണി ഒന്നുമില്ലേ എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ആരോപണം ഉന്നയിച്ചിരുന്നു. അവർ എല്ലാവരുടെയും ഫോണുകൾ ചോർത്തുകയും സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുകയുമാണ്. ചില റെക്കോർഡുകൾ വൈകുന്നേരങ്ങളിൽ മുഖ്യമന്ത്രി തന്നെ കേൾക്കാറുമുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പിന്നാലെ മറുപടിയുമായി യോഗിയും എത്തി. ഒരുപക്ഷേ, അധികാരത്തിലിരിക്കെ അഖിലേഷ് സമാനമായ കാര്യം ചെയ്തിട്ടുണ്ടാകാമെന്നും ഇപ്പോൾ മറ്റുള്ളവരെ ആക്ഷേപിക്കുകയാണ് എന്നുമായിരുന്നു യോഗിയുടെ മറുപടി.