തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നു മുതൽ ആറാം തീയതി വരെയാവും നിരോധനാജ്ഞ. കഴിഞ്ഞ ദിവസം തലശ്ശേരിയിൽ ബിജെപി നടത്തിയ കൊലവിളി പ്രകടനം വിവാദമായിരുന്നു. ഇതിനു പിന്നാലെ ഇന്നും ഒരു റാലി നടത്താൻ ബിജെപി തീരുമാനിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.തലശ്ശേരിയിൽ പ്രകോപന മുദ്രാവാക്യങ്ങൾ മുഴക്കിയതുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 25ഓളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു. ഐപിസി 143, 147, 153 എ, 149 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണം ബിജെപിയുടെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ സംഘടിപ്പിച്ചിരുന്നു. പരിപാടിയുടെ ഭാഗമായി നടത്തിയ റാലിക്കിടെയായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. നിസ്‌കരിക്കാന്‍ പള്ളികളുണ്ടാകില്ല, ബാങ്കുവിളിയും കേള്‍ക്കില്ല എന്നായിരുന്നു വാക്കുകള്‍. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തലശ്ശേരി എഎസ്പിക്ക് പരാതി നല്‍കിയിരുന്നു.