മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. നവീൻ കുമാർ, ഫർസിൻ മജീദ്, സുമിത് നാരായണൻ എന്നിവർക്കെതിരെയാണ് വലിയതുറ പൊലീസ് കേസെടുത്തത്. വധശ്രമം, ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തൽ, എയർ ക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലിൻറെ മൊഴിയുടെയും ഇൻഡിഗോ ഗ്രൗണ്ട് മാനേജരുടെ കത്തിൻറെയും അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായി രീതിയിലാണ് ഇവർ പ്രതിഷേധം നടത്തിയതെന്ന് പൊലീസ് പറയുന്നു.കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിൽ വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയർത്തിയത്. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർ.കെ.നവീൻകുമാർ, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ്, സുമിത് നാരായണൻ എന്നിവരാണ് ‘മുഖ്യമന്ത്രി രാജിവയ്ക്കുക’ എന്ന മുദ്രാവാക്യമുയർത്തിയത്. മുദ്രാവാക്യം വിളിച്ച് രംഗത്തെത്തിയ ഇവരെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ തള്ളിമാറ്റുകയായിരുന്നു. ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ വിമാനത്താവളത്തിൽ കണ്ടപ്പോൾ പൊലീസ് ചോദ്യം ചെയ്തിരുന്നു.എന്നാൽ, ആർസിസിയിൽ രോഗിയെ കാണാൻ പോകുന്നുയെന്ന് പറഞ്ഞതാണ് ഇവർ വിമാനത്തിൽ കയറിയത്.