/
10 മിനിറ്റ് വായിച്ചു

അലഞ്ഞുതിരിയുന്നവർക്ക്​ ആശ്രയമൊരുക്കാനൊരുങ്ങി കണ്ണൂർ ജില്ലാ പഞ്ചായത്ത്

കണ്ണൂർ: അലഞ്ഞുതിരിയുന്ന മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീകൾ, കുട്ടികൾ എന്നിവർക്ക് ആശ്രയമൊരുക്കാൻ കണ്ണൂർ ജില്ല പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ പദ്ധതി ഒരുങ്ങുന്നു.വിവിധ എൻ.ജി.ഒകളുടെ സഹായത്താൽ വനിത-ശിശുവികസന വകുപ്പുമായി കൈകോർത്താണ് പദ്ധതികൾ നടപ്പാക്കുക. ജില്ലയിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒകൾക്ക് അലഞ്ഞുതിരിയുന്ന സ്ത്രീകൾ, കുട്ടികൾ എന്നിവരെ പാർപ്പിക്കാൻ സൗകര്യമുണ്ട്.

എന്നാൽ, മാനസികാസ്വാസ്ഥ്യം നേരിടുന്ന അനാഥരായ സ്ത്രീകളെ പാർപ്പിക്കാനുള്ള സംവിധാനങ്ങൾ പരിമിതമാണ്. ഇവരെ ജില്ല-താലൂക്ക് ആശുപത്രികൾ റഫർ ചെയ്ത് നിലവിൽ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രങ്ങളിലെത്തിക്കുകയാണ് പതിവ്.ഈ സാഹചര്യത്തിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽതന്നെ ഇത്തരക്കാർക്ക് പ്രത്യേക സൗകര്യം ഒരുക്കുകയാണ് ആദ്യഘട്ടം.

സർക്കാർ അനുമതി നൽകിയാൽ ജില്ല പഞ്ചായത്ത് സാമ്പത്തിക സഹായങ്ങളും സൗകര്യങ്ങളും ഒരുക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ പറഞ്ഞു. അന്തർസംസ്ഥാന തൊഴിലാളികളുടെ മക്കൾക്ക് താമസസൗകര്യം ഒരുക്കുന്നതും ആലോചനയിലുണ്ട്.മാതാപിതാക്കൾ ജോലിക്കെത്തുമ്പോൾ ഇവരെയും ഒപ്പം കൂട്ടാറാണ് പതിവ്.

മാതാപിതാക്കൾ ജോലിക്കുപോയാൽ ഈ കുഞ്ഞുങ്ങൾ നഗരത്തിൽ അലഞ്ഞുതിരിഞ്ഞ് നടക്കുകയാണ്. പലപ്പോഴും ഇത് ബാലവേലക്കും ഭിക്ഷാടനത്തിനും വഴിയൊരുക്കുകയാണ്. ഇതിന് പരിഹാരമായാണ് ആശ്രയ കേന്ദ്രമൊരുക്കാൻ തീരുമാനിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. ദിവ്യയുടെ അധ്യക്ഷതയിൽ ചേർന്ന എൻ.ജി.ഒ പ്രതിനിധികളുടെ യോഗത്തിൽ ഇക്കാര്യങ്ങളിൽ പ്രാഥമിക ചർച്ച നടന്നു.ജില്ല വനിത-ശിശുവികസന ഓഫിസർ ദേന ഭരതൻ, ജില്ല ജാഗ്രത സമിതി അംഗങ്ങൾ, വിവിധ എൻ.ജി.ഒ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version