//
9 മിനിറ്റ് വായിച്ചു

പുൽപ്പള്ളി ബാങ്ക് വായ്‌പ തട്ടിപ്പ്: കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അറസ്റ്റിൽ

പുൽപ്പള്ളി  > കോൺഗ്രസ്‌ നേതാക്കളുടെ നേതൃത്വത്തിൽ പുൽപ്പള്ളി സഹകരണ ബാങ്കിൽ നടത്തിയ വായ്‌പ തട്ടിപ്പിൽ മണ്ഡലം പ്രസിഡന്റ്‌ അറസ്റ്റിൽ. ബാങ്കിന്റെ മുൻഡയറക്ടർ കോൺഗ്രസ്‌ പുൽപ്പള്ളി  മണ്ഡലം പ്രസിഡന്റ്‌ വെള്ളിലാംതടത്തിൽ  വി എം പൗലോസിനെയാണ്‌(60) ഞായർ വൈകിട്ട്‌ പുൽപ്പള്ളി പൊലീസ്‌ അറസ്റ്റ് ചെയ്‌തത്‌. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

വായ്‌പ തട്ടിപ്പിനിരയായ പുൽപ്പള്ളി കേളക്കവല പരമ്പക്കാട്ട്‌ ഡാനിയേൽ നേരത്തെ നൽകിയ പരാതിയിലാണ്‌ അറസ്റ്റ്. പൗലോസിനെതിരെ സഹോദര ഭാര്യ ദീപ ഷാജിയും   പരാതിനൽകിയിട്ടുണ്ട്‌. ഭർത്താവിന്റെ പേരിൽ 20 ലക്ഷം രൂപയുടെ വായ്‌പ തട്ടിപ്പ്‌ നടത്തിയെന്നായിരുന്നു പരാതി. ഷാജി പിന്നീട്‌ മരിച്ചു.

സഹകരണ വകുപ്പ്‌ നടത്തിയ അന്വേഷണത്തിലും പൗലോസ്‌ വായ്‌പ തട്ടിപ്പ്‌ നടത്തിയതായി കണ്ടെത്തിയിരുന്നു. ഇയാൾക്കെതിരെ സർചാർജ്‌ നടപടിക്കും ഇത്തരവിട്ടിട്ടുണ്ട്‌. വിജിലൻസ്‌ കേസിലും പൗലോസ്‌ പ്രതിയാണ്‌. നേരത്തെ അറസ്‌റ്റിലായ മുൻബാങ്ക്‌ പ്രസിഡന്റ്‌ കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം, മുൻ ബാങ്ക്‌ സെക്രട്ടറി രാമദേവി എന്നിവർ റിമാൻഡിലാണ്‌.

തട്ടിപ്പിനിരയായ കർഷകൻ പുൽപ്പള്ളി കേളക്കവല ചെമ്പകമൂല രാജേന്ദ്രൻനായർ മെയ്‌ 30ന്‌ ജീവനൊടുക്കിയിരുന്നു. തുടർന്നാണ്‌ ഇരുവരും അറസ്‌റ്റിലായത്‌.  വായ്‌പ തട്ടിൽ സഹകരണ വകുപ്പിന്റെ പ്രത്യേക അന്വേഷകസംഘം പരിശോധനകൾ തുടരുകയാണ്‌. വിജിലൻസ്‌ കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്‌. എട്ടരക്കോടി രൂപയുടെ വായ്‌പ തട്ടിപ്പാണ്‌ ബാങ്കിൽ നടത്തിയത്‌.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version