കണ്ണൂർ: കണ്ണൂരിൽ വെട്ടേറ്റ് കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ഹരിദാസന്റെ മരണകാരണം അമിത രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.ഇരുപതിലധികം വെട്ടുകൾ ശരീരത്തിലേറ്റിരുന്നു. വലതു കാലിൽ മാരകമായ നാല് വെട്ടുകളുണ്ടായിരുന്നു. തുടയ്ക്കും വെട്ടേറ്റു. ഇരു കൈകളിലും ഗുരുതരമായി പരുക്കേറ്റെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.സംഭവത്തിൽ പുന്നോൽ കെവി ഹൗസിൽ വിമിൻ, പുന്നോൽ ദേവി കൃപ വീട്ടിൽ അമൽ മനോഹരൻ, ഗോപാൽ പേട്ട സ്വദേശി സുനേഷ്, കൊമ്മൽവയൽ സ്വദേശി ലിജേഷ് എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.കൊമ്മൽ വാർഡ് കൗൺസിലർ ആയ ലിജേഷ് ബി ജെ പി മണ്ഡലം പ്രസിഡന്റ് കൂടിയാണ്.ഇവർക്ക് നേരിട്ട് കൊലപാതകത്തിൽ പങ്കുണ്ടോ എന്നാണ് പൊലീസിന്റെ അന്വേഷണം. പ്രതികൾ സഞ്ചരിച്ച ബൈക്ക് കണ്ട് പിടിക്കാനുള്ള ശ്രമവും പൊലീസ് ഊർജിതമാക്കി. ഇന്നലെ പുലർച്ചെ ജോലി കഴിഞ്ഞ് മടങ്ങി വീട്ടിലെത്തിയതിന് പിന്നാലെയാണ് ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്.ആക്രമണത്തിന് പിന്നിൽ ബി ജെ പി യെന്നാണ് കൊലപാതകം നടന്നതു മുതൽ സി പി എം ആരോപിക്കുന്നത്.എന്നാൽ ആരോപണം തള്ളി ബി ജെ പി നേതൃത്വം രംഗത്ത് വന്നിരുന്നു.
വെട്ടി വികൃതമാക്കിയെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്
പരിയാരം മെഡിക്കൽ കോളേജിൽ ഇരുപതിലധികം വെട്ടുകൾ ഹരിദാസന്റെ ശരീരത്തിലുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. മുറിവുകളുടെ എണ്ണം കണക്കാക്കാൻ ആകാത്ത വിധം കൊത്തിയരിഞ്ഞ് വികൃതമാക്കിയ നിലയിലാണ് ശരീരം. അരയ്ക്ക് താഴെയാണ് പ്രധാനപ്പെട്ട മുറിവുകളെല്ലാം. വെട്ടിയ സ്ഥലത്ത് തന്നെ വീണ്ടും വീണ്ടും വെട്ടിയതിനാൽ എത്ര തവണ വെട്ടിയെന്ന് തിരിച്ചറിയാനാവുന്നില്ലെന്നും വലത് കാൽമുട്ടിന് താഴെ നാലിടങ്ങളിൽ ആഴത്തിലുള്ള മുറിവുകളുണ്ടെന്നും കാൽ മുറിച്ചു മാറ്റാൻ ശ്രമിച്ചതായും സംശയിക്കുന്നുണ്ട്. വലത് കാൽമുട്ടിന് താഴെ നാലിടങ്ങളിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇടത്തേ കൈയിലും ആഴത്തിലുള്ള മുറിവുകൾ ഉള്ളതായി ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.