പത്തനംതിട്ടയിൽ നായയുടെ കടിയേറ്റ് കുട്ടി മരിച്ച സംഭവത്തിൽ കുട്ടിയെ കടിച്ചത് കഴുത്തിൽ ബെൽറ്റിട്ട തുടലുള്ള പട്ടിയാണെന്നും കുട്ടി ഇക്കാര്യം തന്നോട് പറഞ്ഞതായും അമ്മുമ്മ കമലമ്മ പറഞ്ഞു. കടിച്ചത് തെരുവുനായയല്ല എന്നാണ് സംശയം. നെഞ്ചിൽ കയറി കടിച്ച പട്ടിയെ കുട്ടി തൊഴിച്ചു മാറ്റുകയായിരുന്നു.
കരാട്ടെ വശമുള്ള ആളായിരുന്നു കുട്ടി. അതുകൊണ്ട് നെഞ്ചിൽ കയറി നിന്ന് മുഖത്ത് കടിച്ചപ്പോൾ കുട്ടി തൊഴിച്ചു മാറ്റി. കണ്ണിന് കടിയേറ്റിട്ടും ഡോക്ടർമാർ ആദ്യം വേണ്ട ചികിത്സ നൽകിയില്ലെന്നും കമലമ്മ കുറ്റപ്പെടുത്തി.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവ് ഉണ്ടായതായി കുട്ടിയുടെ അമ്മയുടെ അച്ഛനും ആരോപിച്ചു. വേറെ ആശുപത്രിയിൽ കൊണ്ടു പോകണമോ എന്ന് ചോദിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞു. മുറിവ് കഴുകാൻ ഡോക്ടർ പറഞ്ഞപ്പോൾ നേഴ്സ് അറ്റൻഡറോട് പറഞ്ഞു. അവർ തങ്ങളോട് മുറിവ് കഴുകാൻ ആവശ്യപ്പെട്ടു. പിന്നീട് കുട്ടിയുടെ അച്ഛനാണ് മുറിവ് കഴുകിയതെന്നും കുട്ടിയുടെ അമ്മയുടെ അച്ഛൻ പറഞ്ഞു.