എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. എകെജി സെന്ററിന് നേരെയുണ്ടായ ബോംബേറിന്റെ പശ്ചാത്തലത്തിൽ നേരത്തെ നിശ്ചയച്ചിരുന്ന സുരക്ഷ വർധിപ്പിക്കാനാണ് നിർദേശം. സുരക്ഷയ്ക്കായി വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധിയെ വിമാനത്താവളം മുതൽ അഞ്ച് ഡിവൈഎസ്പിമാരുടെ സംഘം വയനാട് അതിർത്തി വരെ അനുഗമിക്കുമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ആർ ഇളങ്കോ അറിയിച്ചു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി രാവിലെ എട്ടിന് കണ്ണൂർ വിമാനത്താവളത്തിൽ എത്തും. നാല് പരിപാടികളിലാണ് രാഹുൽ ഗാന്ധി പങ്കെടുക്കുക.കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ ഏഴിടങ്ങളിൽ രാഹുൽ ഗാന്ധി എംപിക്ക് സ്വീകരണം നൽകും ശേഷം വയനാട്ടിലേക്ക് പോകും.
മാനന്തവാടി ഒണ്ടയങ്ങാടിയിൽ നടക്കുന്ന ഫാര്‍മേഴ്‌സ് ബാങ്ക് ബില്‍ഡിംഗിന്റെ ഉദ്ഘാടനമാണ് ജില്ലയിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന ആദ്യ പരിപാടി. പിന്നീട് വയനാട് കളക്ടറേറ്റില്‍ നടക്കുന്ന ദിശ മീറ്റിംഗിലും എംപി ഫണ്ട് അവലോകന യോഗത്തിലും, വൈകീട്ട് നാലിന് ബഫർസോൺ വിഷയത്തിൽ ബത്തേരി ഗാന്ധി സ്‌ക്വയറില്‍ നടക്കുന്ന ബഹുജന സംഗമത്തിലും അദ്ദേഹം പങ്കെടുക്കും. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ ജില്ലയിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അക്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ സന്ദർശനം. ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു എസ്എഫ്ഐ പ്രവർത്തകരുടെ ഓഫീസ് ആക്രമണം. കേസിൽ 19 എസ്എഫ്ഐ പ്രവർത്തകർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അതേസമയം രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിൽ പ്രതിപക്ഷ നേതാക്കൾക്ക് പങ്കെടുക്കേണ്ടതിനാൽ ഇന്ന് നിയമസഭയ്ക്ക് അവധി നൽകിയിട്ടുണ്ട്.