യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിനെതിരെ സൈബര്‍ ആക്രമണത്തിന് ആഹ്വാനം ചെയ്ത സിപിഐഎം അനുകൂല ഫേസ്ബുക്ക് പേജായ പോരാളി ഷാജിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ ഭാര്യയും ഡോക്ടറുമായ ദയ പാസ്‌കലിന്റെ പ്രതികരണം തേടിക്കൊണ്ടായിരുന്നു രാഹുല്‍ ഇക്കാര്യത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയത്. ‘കുടുംബത്തിനും സ്ത്രീ ബോധത്തിനും പ്രാധാന്യം നല്കുന്നയാള്‍ എന്ന അവകാശപ്പെടുന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ ഭാര്യയ്ക്ക് എന്താണ് ഇതില്‍ പറയാനുള്ളത്’ എന്ന് രാഹുല്‍ ചോദിക്കുന്നു. ബംഗാളിലും ഇത്തരത്തില്‍ സ്വയം കടന്നലുകള്‍ എന്ന് അവകാശപ്പെടുന്ന സൈബര്‍ ഗുണ്ടകള്‍ ഉണ്ടായിരുന്നു. അവരെ ‘തെരഞ്ഞെടുപ്പ്’ കൊണ്ട് ‘ചുട്ടെരിച്ചുവെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി.ഉമാ തോമസ് പ്രവര്‍ത്തകര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ‘ ചാമ്പിക്കോ സഖാക്കളെ… നമ്മുടെ ഇളവ് കഴിഞ്ഞു’ എന്ന ക്യാപ്ഷനോടെയാണ് ‘പോരാളി ഷാജി’ പേജില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇന്ന് മുതല്‍ ഇളവ് ഉണ്ടായിരിക്കില്ലെന്നും ക്യാപ്ഷനില്‍ ഉണ്ട്.പി ടി തോമസിന്റെ മരണത്തിനിപ്പുറവും അദ്ദേഹത്തിനുള്ള ഭക്ഷണം മാറ്റിവെച്ചിട്ടാണ് താന്‍ കഴിക്കാറുള്ളതെന്ന് നേരത്തെ ഉമാ തോമസ് പറഞ്ഞിരുന്നു. എന്നാല്‍ ഇതെല്ലാം വൈകാരികമായി വോട്ട് സമ്പാദിക്കാനുള്ള ശ്രമമാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെ മുന്‍നിര്‍ത്തിയാണ് ഉമാ തോമസിനെതിരായ സൈബര്‍ ആക്രമണം.
രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചത്-
“ഒരു സ്ത്രീയെയാണ് ഇന്നലെ മുതല്‍ ഏറ്റവും ക്രൂരമായി സിപിഐഎം അധിക്ഷേപിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ഉമാ തോമസ് സ്ഥാനാര്‍ത്ഥിയായി വന്ന നിമിഷം മുതല്‍ അവര്‍ക്കെതിരായ അക്രമം തുടങ്ങിയെങ്കിലും, സിപിഐഎം ന്റെ സൈബര്‍ ഗുണ്ടകളുടെ ഭാഷയില്‍ പറഞ്ഞാല്‍ അതിന് ഒരു ഇളവ് ഉണ്ടായിരുന്നു, തിരഞ്ഞെടുപ്പ് നടക്കുന്നു എന്ന ഇളവ്. എന്താണ് സിപിഐഎം കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നത്? എസ്എഫ്‌ഐക്കെതിരെ ക്യാംപസില്‍ ആരും മത്സരിക്കുവാന്‍ പാടില്ലായെന്ന കമ്മ്യൂണിസത്തില്‍ ഇന്‍ഹറിറ്റഡായ ഏക സംഘടനാ വാദമാണോ?കുടുംബത്തിനും സ്ത്രീ ബോധത്തിനും പ്രാധാന്യം നല്കുന്നയാള്‍ എന്ന അവകാശപ്പെടുന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ ഭാര്യയ്ക്ക് എന്താണ് ഇതില്‍ പറയാനുള്ളത് ?ഇക്കണ്ട തോന്നിവാസമൊക്കെ ചെയ്തിട്ട് ‘കടന്നലുകള്‍’ എന്ന് സ്വയം അവകാശപ്പെടുന്ന സൈബര്‍ ഗുണ്ടകളോട് പറയാനുള്ളത്, ബംഗാളിലും ഇങ്ങനെ കുറച്ച് അല്പ പ്രാണികള്‍ ഉണ്ടായിരുന്നു, അവരെ ‘തിരഞ്ഞെടുപ്പ്’ കൊണ്ട് ‘ചുട്ടെരിച്ചു’. അതില്‍ നിന്ന് ചില പ്രാണികള്‍ ഓടി രക്ഷപെട്ട് കേരളത്തിലെത്തി ‘പൊറോട്ട അടിക്കുന്നുണ്ട്’… നിങ്ങള്‍ക്കും നാളെകളില്‍ അതാണ് വിധി..”