അന്തരിച്ച പത്രപ്രവർത്തകൻ ദേശാഭിമാനി സബ് എഡിറ്റർ രാജീവൻ കാവുമ്പായിയുടെ പേരിലുള്ള മാധ്യമഅവാർഡിന് മനോരമ കൊച്ചി യൂനിറ്റിലെ സീനിയർ സബ് എഡിറ്റർ എം.ഷജിൽകുമാർ അർഹനായി. മനോരമ ദിനപത്രത്തിൽ 2020 ഫെബ്രുവരി 20ന് പ്രസിദ്ധീകരിച്ച ‘‘അനാസ്ഥ അരുത്; മരുന്നാണ്’’ എന്ന ലേഖനമാണ് ഷജിൽകുമാറിനെ അവാർഡിന് അർഹനാക്കിയത്.കണ്ണൂർ പ്രസ്സ്ക്ലബും ദേശാഭിമാനി എംേപ്ലായീസ് വെൽഫേർ അസോസിയേഷനും ചേർന്ന് ഏർപ്പെടുത്തിയതാണ് അവാർഡ്. 10,000 രൂപ, പ്രശസ്തി പത്രം, ഫലകം എന്നിവയടങ്ങിയതാണ് അവാർഡ്. മുതിർന്ന മാധ്യമപ്രവർത്തകരായ കെ.എ ആൻറണി, സിറിയക് മാത്യു, സി.പി സുരേന്ദ്രൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണ്ണയം നടത്തിയത്.പത്രപ്രവർത്തന മികവിന് 2015ലെ പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യ അവാർഡും 2016ലെ ഇൻറർനാഷണൽ പ്രസ്സ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.പി.ഐ) പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഇടനേരം, കഥ പറയും സമുദായങ്ങൾ, മൊഴിയാളം, ഇ ശ്രീധരൻ – ഒരു അസാധാരണ ജീവിതം എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്. വയനാട് പനമരം സ്വദേശിയായ ഷജിൽ കുമാർ പരേതനായ ഇ.കെ മാധവൻ നായരുടെയും തങ്കത്തിെൻറയും മകനാണ്. ഭാര്യ: സ്മിത. മക്കൾ: ശിവാനി, ചിന്മയൻ. ഡിസംബർ ആറ് തിങ്കളാഴ്ച രാവിലെ 11 ന് പ്രസ്സ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് അവാർഡ് സമ്മാനിക്കും