//
15 മിനിറ്റ് വായിച്ചു

രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അനിശ്ചിതത്വം; വാര്‍ത്താസമ്മേളനം റദ്ദാക്കി സുധാകരന്‍

കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അനിശ്ചിതത്വം തുടരുന്നു. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നിലവില്‍ ഹൈക്കമാന്‍ഡ് നിര്‍ത്തിവച്ചിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്ന സാഹചര്യത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വാര്‍ത്താസമ്മേളനം റദ്ദ് ചെയ്തു. ഇന്ന് വൈകിട്ട് നാല് മണിക്ക് ഇന്ദിരാ ഭവനില്‍ നിശ്ചയിച്ചിരുന്ന വാര്‍ത്താസമ്മേളനമാണ് റദ്ദ് ചെയ്തത്.അഭിപ്രായവ്യത്യാസങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ഹൈക്കമാന്‍ഡിന് വിടാനും കെപിസിസി തീരുമാനിച്ചിട്ടുണ്ട്. ഒരു ഡസനിലേറെ പേരുകള്‍ പട്ടികയില്‍ ഇടംനേടിയതോടെ ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടത്.നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയ്യതി തിങ്കളാഴ്ചയാണ്. ഇക്കാര്യം കണക്കിലെടുത്ത് ഇന്ന് തന്നെ സ്ഥാനാര്‍ത്ഥിയുടെ പേര് പ്രഖ്യാപിക്കുമെന്ന് കെപിസിസി നേതൃത്വം അറിയിച്ചിരുന്നു. പരാജയപ്പെട്ടവര്‍ക്ക് സീറ്റ് നല്‍കരുതെന്ന ആവശ്യം കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്നിരുന്നു.തുടര്‍ച്ചയായി പരാജയപ്പെട്ടവര്‍ക്ക് അവസരം നല്‍കരുതെന്നാണ് ഒരുവിഭാഗം നേതാക്കളുടെ പ്രധാന നിര്‍ദേശം.പരാജയപ്പെട്ടവരെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് കെ മുരളീധരന്‍ കത്തയച്ചു. തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ ആ മണ്ഡലങ്ങളില്‍ പോയി ജോലി ചെയ്യണമെന്നാണ് മുരളീധരന്‍ കഴിഞ്ഞദിവസം പറഞ്ഞത്. ഇതേ നിര്‍ദ്ദേശമാണ് കെ സി വേണുഗോപാല്‍ വിഭാഗവും മുന്നോട്ടു വച്ചിരിക്കുന്നത്. ആലപ്പുഴ മുന്‍ ഡിസിസി അധ്യക്ഷന്‍ എം ലിജു, മുന്‍ എംഎല്‍എമാരായ ഷാനിമോള്‍ ഉസ്മാന്‍, വി ടി ബല്‍റാം, സതീശന്‍ പാച്ചേനി, എന്നീ പേരുകളാണ് അന്തിമപട്ടികയില്‍ ഉണ്ടായിരുന്നത്. തോറ്റവര്‍ക്ക് സീറ്റ് നല്‍കരുതെന്ന നിര്‍ദ്ദേശം ഹൈക്കമാന്‍ഡ് പരിഗണിച്ചാല്‍ ഇവര്‍ക്ക് സീറ്റ് ലഭിക്കില്ല. നിലപാട് ആവര്‍ത്തിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലും രംഗത്തുവന്നു. രാജ്യസഭ റെസ്റ്റിങ് പ്ലേസ് അല്ല, ഫൈറ്റിങ് പ്ലേസാണെന്നും കെട്ടിയിറക്കുകള്‍ ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നതായും ഷാഫി പറമ്പില്‍ പറഞ്ഞിരുന്നു. അതേസമയം, യുവാക്കളെ തന്നെ പരിഗണിക്കണമെന്നാണ് പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചത് എന്നാണ് ഇന്നലെ കെ സുധാകരന്‍ പറഞ്ഞത്. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് മാനദണ്ഡങ്ങളൊന്നും നിശ്ചയിച്ചിട്ടില്ല.ചര്‍ച്ച ചെയ്ത് തന്നെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും. ഹൈക്കമാന്‍ഡ് ആരുടെയും പേര് നിര്‍ദേശിച്ചിട്ടില്ലെന്നും സുധാകരന്‍ ഇന്നലെ പറഞ്ഞിരുന്നു.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version