കൊല്ലം: ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിത്വം ലക്ഷ്യമിടുന്ന മുതിർന്ന നേതാക്കൾക്കെതിരെ യൂത്ത് കോൺഗ്രസ്. മത്സരിക്കാൻ പരസ്യമായി താത്പര്യം പ്രകടിപ്പിച്ച മുതിർന്ന നേതാവ് കെ.വി.തോമസ് അടക്കമുള്ളവർക്കെതിരെ അതിരൂക്ഷ വിമർശനം നടത്തിയും സീറ്റിലേക്ക് യുവാക്കളെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിപ്രമേയം പാസാക്കി. രാജ്യസഭ സീറ്റിലേക്ക് കെ.വി. തോമസുമാരുടെ പേര് പോലും ചർച്ചക്കെടുക്കുന്നത് പാർട്ടി പ്രവർത്തകരുടെ ആത്മവീര്യം തകർക്കുമെന്നും വിശ്രമജീവിതം ആനന്ദകരമാക്കി വീട്ടിലിരിക്കാൻ ചിലർ സ്വയം തീരുമാനിച്ചാൽ പാർട്ടി വിജയപാതയിലേക്ക് തിരിച്ചു വരുമെന്നും യൂത്ത് കോൺഗ്രസിൻ്റെ പ്രമേയത്തിൽ പറയുന്നു. വയോജന സംരക്ഷണ കേന്ദ്രമാക്കി രാജ്യസഭയെ മാറ്റുവാൻ അനുവദിക്കരുത്. കേന്ദ്രസർക്കാരിനെതിരെ ഉണർന്ന് പ്രവർത്തിക്കണ്ട രാജ്യസഭയിൽ ഇരുന്ന് ഉറങ്ങുന്നവർ എന്തിനാണ് ഇനി അങ്ങോട്ട് പോകുവാൻ ആഗ്രഹിക്കുന്നതെന്നും പ്രമേയത്തിൽ ചോദിക്കുന്നുണ്ട്. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് യുവനേതാക്കളിൽ ആർക്കെങ്കിലും നൽകണമെന്നും പ്രമേയത്തിലൂടെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നു.