///
15 മിനിറ്റ് വായിച്ചു

കാഴ്ചയ്ക്ക് വിരാമം: കൂത്തുപറമ്പ് വേങ്ങാട്ടെ റാണി ടാക്കീസ് പൊളിച്ചുതുടങ്ങി

ബെഞ്ചമിൻ ലൂയിസിന്റെയും റബേക്ക ലൂയിസിന്റെയും പ്രതികാരകഥയുടെ ചുരുളുകൾക്കൊപ്പം തന്നിലേക്കുള്ള വഴിയും അടച്ച് ‘റാണി’ മടങ്ങുന്നു. നരസിംഹത്തിലെ ഇന്ദുചൂഡന്റെ ഡയലോഗിനൊപ്പം ആർപ്പുവിളികളും വർണക്കടലാസുകളും  നിറക്കാനും ‘അമരത്തി’ലെ അച്ചൂട്ടിയുടെ സങ്കടക്കടലിൽ മുങ്ങിത്താഴാനും കാണികളുമെത്തില്ല. കോവിഡ്‌ തീർത്ത സാമ്പത്തിക പ്രതിസന്ധിയിൽ ചുവടുതെറ്റിയ  വേങ്ങാട്ടെ റാണി സിനിമ കൊട്ടക  പൊളിച്ചുനീക്കി. നാലുപതിറ്റാണ്ടിന്റെ  സിനിമാചരിത്രം പേറിയ  റാണിയിൽ ഇനി കഥകളും താരങ്ങളുമില്ല. വിസിലടികളും നിറയില്ല.
സാമ്പത്തികനേട്ടത്തിനും നഷ്ടത്തിനുമുപരിയായി സിനിമയോടുള്ള ‘പ്രണയ’മായിരുന്നു വേങ്ങാട് സ്വദേശി പി ശ്രീധരനെയും മകൻ പി ശ്രീജിത്തിനെയും തിയറ്റർ നടത്തിപ്പിലെത്തിച്ചത്‌. പോസ്റ്റർ പതിക്കുന്നതുമുതൽ തിയറ്റർ വൃത്തിയാക്കുന്നതുവരെ ഇരുവരും ഒരുമിച്ച്‌. പോസ്റ്റർ പതിക്കൽ, ടിക്കറ്റ് കൊടുക്കൽ, ഗേറ്റ് സുരക്ഷ, പ്രൊജക്ടർ ഓപ്പറേഷൻ, തിയറ്റർ അടിച്ചുവാരൽ എന്നിവ ശ്രീജിത്തിന്റെ വകുപ്പായിരുന്നു. ടിക്കറ്റ് കൊടുക്കലും തിയറ്റർ വൃത്തിയാക്കലും  അച്ഛനും ഏറ്റെടുത്തു.  ദിവസവും 6.30-നും 9.30-നുമായിരുന്നു  പ്രദർശനം. ശനി, ഞായർ ദിവസങ്ങളിൽ മാറ്റിനിയുമുണ്ടാകും. ഇവരുടെ ഉടമസ്ഥതയിൽ തിയറ്ററിന് മുന്നിൽത്തന്നെ പ്രവർത്തിച്ചിരുന്ന ധാന്യ മിൽ പൂട്ടിയാണ് അച്ഛനും മകനും തിയറ്ററിലെത്തിയിരുന്നത്. ഓലമേഞ്ഞ് മുകളിൽ തകരഷീറ്റിട്ട ടാക്കീസിൽ 50 രൂപയായിരുന്നു അവസാനത്തെ ടിക്കറ്റ് നിരക്ക്. 1981-ൽ ഹരിഹരൻ സംവിധാനംചെയ്ത ‘ലാവ’യാണ് ആദ്യം പ്രദർശിപ്പിച്ചത്.
2020-ൽ  ‘അഞ്ചാംപാതിര’ അവസാനചിത്രവുമായി.  ‘പുലിമുരുകനാ’ണ് ഏറ്റവും കൂടുതൽ ഓടിയതും കളക്ഷൻ നേടിയതും. ടൈറ്റാനിക്, ജുറാസിക് പാർക്ക്, ബാഹുബലി, മണിച്ചിത്രത്താഴ്, റാംജിറാവ് സ്പീക്കിങ്, വിയറ്റ്നാം കോളനി തുടങ്ങിയ ചിത്രങ്ങളും സാമ്പത്തികനേട്ടം ഉണ്ടാക്കി. തിയറ്ററിൽ ഡിടിഎസ് സംവിധാനം ഒരുക്കുന്നതിനും സീറ്റുകൾ പുതുക്കുന്നതിനുമായി കോവിഡിനുമുമ്പ്‌ ആറുലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്. അവസാനകാലത്ത് പ്രദർശനം നടത്താൻ കൈയിൽനിന്ന് പണമെടുക്കേണ്ടി വന്നു. ചെറിയ പടങ്ങൾക്കുപോലും വലിയ തുക മുൻകൂർ ഇറക്കി. കോവിഡിന്റെ വരവോടെ തകർച്ച പൂർണമായി.കെട്ടിടം ഉപയോഗിക്കാതെ കെട്ടിടനികുതി അടയ്‌ക്കേണ്ടി വരുന്നതും മറ്റൊന്നും ചെയ്യാൻ സാധിക്കാത്തതുമാണ് പൊളിച്ചുനീക്കാൻ തീരുമാനിച്ചത്. ഒരാഴ്ചയായി സിനിമ കൊട്ടക പൊളിക്കാൻ തുടങ്ങിയിട്ട്. ‘സിനിമയോട്‌ സ്നേഹം ഇപ്പോഴുമുണ്ട്.ടാക്കീസ് പൂട്ടരുതെന്ന് നാട്ടുകാരുടെ അഭ്യർഥനയും. പക്ഷേ,  വേറെ വഴിയില്ലല്ലോ…’-എന്ന്‌ ശ്രീജിത്ത്‌ സങ്കടത്തോടെ പറഞ്ഞു നിർത്തി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version