ഗോത്രവർഗ കോളനികളിലേക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച സഞ്ചരിക്കുന്ന റേഷൻകട സംവിധാനം ജില്ലയിൽ നിലവിൽ ആശ്വാസമേകുന്നത് 275 കുടുംബങ്ങൾക്ക്. പട്ടികവർഗ കുടുംബങ്ങൾക്ക് റേഷൻ ധാന്യങ്ങൾ എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷൻ കട ജില്ലയിൽ തലശ്ശേരി, തളിപ്പറമ്പ്, ഇരിട്ടി എന്നീ മൂന്ന് താലൂക്കുകളിലായി ഈ വർഷത്തെ ആദ്യഘട്ട പര്യടനം തുടങ്ങി. അരി, ഗോതമ്പ്, പഞ്ചസാര, ആട്ട, മണ്ണെണ്ണ എന്നിവയ്ക്ക് പുറമെ ഇത്തവണ ഓണക്കിറ്റുകളും വിതരണം ചെയ്യുന്നുണ്ട്.
കോളനികളിലെ കുടുംബങ്ങൾക്ക് യാത്രാക്ലേശം അനുഭവപ്പെടുന്ന പശ്ചാത്തലത്തിലാണ് സർക്കാർ അർഹതപ്പെട്ട ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി വീട്ടിലെത്തിക്കാൻ തീരുമാനിച്ചത്. വലിയ പ്രതികരണമാണ് പദ്ധതിക്ക് ലഭിച്ചത്. ഇരിട്ടി താലൂക്കിലെ കൂനംപള്ള, രാമച്ചി കുറിച്യ, രാമച്ചി പണിയ, ചതിരൂർ 110, വിയറ്റ്നാം, അബേദ്ക്കർ, തളിപ്പറമ്പ് താലൂക്കിലെ ഏറ്റുപാറ, തലശ്ശേരി താലൂക്കിലെ മുണ്ടയോട്, കൊളപ്പ, പറക്കാട് കോളനികളിലാണ് ഇത്തവണ ആദ്യ ഘട്ടത്തിൽ വിതരണം നടത്തുക.
തലശ്ശേരി താലൂക്കിൽ 139 കുടുംബങ്ങൾ, ഇരിട്ടിയിൽ 113, തളിപ്പറമ്പിൽ 23 കുടുംബങ്ങളാണുള്ളത്. മാസത്തിൽ രണ്ട് തവണയാണ് ഭക്ഷ്യ ഉൽപ്പന്നങ്ങളുമായി ഊരുകളിൽ വാഹനമെത്തുക.ഡ്രൈവർക്ക് പുറമെ റേഷൻ ഇൻസ്പെക്ടറും, വിതരണക്കാരനും ഉണ്ടാകും. രാവിലെ പത്ത് മണിമുതൽ വിതരണം തുടങ്ങും. നിലവിൽ വാഹനങ്ങൾ വാടകക്കെടുത്താണ് റേഷൻ വിതരണം. ഭാവിയിൽ മറ്റ് താലൂക്കുകളിലേക്കും കൂടി പദ്ധതി വ്യാപിപ്പിക്കും.