കണ്ണൂർ: സംസ്ഥാനത്ത് പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് സംഭരണത്തിൽ മുന്നിട്ടുനിൽക്കുന്നത് ജില്ലയിലെ ഹരിതകർമസേന.കഴിഞ്ഞ ഒരുവർഷം 1002 ടൺ പ്ലാസ്റ്റിക്കാണ് ഹരിതകർമസേന ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത്. ഒരുമാസം ശരാശരി 85 മുതൽ 100 ടൺവരെയാണ് ശേഖരിക്കുന്നത്.പെരളശ്ശേരി, എരഞ്ഞോളി, കതിരൂർ, ചെമ്പിലോട്, കരിവെള്ളൂർ-പെരളം, കണ്ണപുരം, മയ്യിൽ, മുണ്ടേരി ഗ്രാമപ്പഞ്ചായത്തുകളിൽനിന്നും ആന്തൂർ നഗരസഭയിൽനിന്നുമാണ് കൂടുതലായും പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് ശേഖരിച്ചത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കാണ് കൂടുതലായും ലഭിച്ചത്.