തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്. ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്‍കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പുള്ളത്.
കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ആഗോള മഴപ്പാത്തിയായ മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ കിഴക്കേ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നു പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലേക്ക് നീങ്ങുന്നതാണ് മഴ ശക്തമാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 19 ന് വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയൊരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. കാലവര്‍ഷക്കാറ്റും സജീവമായി തുടരുന്നതോടെ കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.
കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.